മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് അതൃപ്തി; ബി.ജെ.പി ശക്തികേന്ദ്രത്തിലെ സര്‍വ്വേഫലത്തില്‍ ഞെട്ടി നേതൃത്വം

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ശക്തിദുര്‍ഗ്ഗമെന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയെന്നും വിശേഷിപ്പിക്കപ്പെടുന്ന ഹരിയാനയില്‍ നിന്നുതന്നെ ബി.ജെ.പിക്ക് ദുഖവാര്‍ത്ത. ന്യൂസ്‌നേഷന്‍ നടത്തിയ സര്‍വ്വേയില്‍ മോദി സര്‍ക്കാരില്‍ തൃപ്തരല്ലെന്നതാണ് ഭൂരിപക്ഷ അഭിപ്രായം. സംസ്ഥാനത്തെ 44% പേരും നരേന്ദ്രമോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല എന്നാണ് ചാനല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലം പറയുന്നത്.
44 ശതമാനം പേര്‍ നരേന്ദ്രമോഡി സര്‍ക്കാരില്‍ സംതൃപ്തരല്ല എന്ന് പറയുമ്പോള്‍ 42 ശതമാനം പേര്‍ സംതൃപ്തരാണെന്ന് പറയുന്നു. 14ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 10 സീറ്റുകളില്‍ 5 എണ്ണം ബിജെപി നേടുമെന്ന് സര്‍വ്വേ പറയുന്നു. 3 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമ്പോള്‍ ഓരോ സീറ്റ് വീതം ഐന്‍എല്‍ഡിയും ജെജെപിയും നേടും. 2014ല്‍ 10ല്‍ 7 എണ്ണവും ബിജെപി നേടിയിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്. ഐഎന്‍എല്‍ഡി രണ്ട് സീറ്റുകളും നേടിയിരുന്നു. ഇത്തവണ ബിജെപിക്ക് രണ്ട് സീറ്റുകള്‍ കുറയുമെന്നാണ് ഫലം.
ബിജെപി 30ശതമാനം വോട്ട് നേടും. കോണ്‍ഗ്രസിന് 29 ശതമാനം വോട്ട് ലഭിക്കും. ഐഎന്‍എല്‍ഡി 15 ശതമാനം വോട്ടും ജെജെപി 12ശതമാനം വോട്ടും നേടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ്ഫലം.

Comments (0)
Add Comment