രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയെന്ന് സർവ്വേ ഫലം

Jaihind Webdesk
Thursday, April 4, 2019

ഇത്തവണ യുപിഎ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് സർവ്വേ ഫലം. മനോരമ കാർവി ഇൻസൈറ്റ്‌സിനൊപ്പം കേരളത്തിലെ 20 മണ്ഡലങ്ങളിലുമായി നടത്തിയ സർവേയിലാണ് പ്രവചനം. എന്‍ഡിഎ സര്‍ക്കാരിന്‍റെയും പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെയും പ്രവര്‍ത്തനം ശരാശരിയിലും താഴെയാണെന്നും സര്‍വേഫലം ചൂണ്ടിക്കാട്ടുന്നു. മോദി സര്‍ക്കാരിനേക്കാള്‍ യുപിഎയുടെ നേതൃത്വത്തിലുളള പ്രതിപക്ഷം മികച്ചുനില്‍ക്കുന്നെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകും എന്ന് 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മോദി പ്രധാനമന്ത്രി സ്ഥാനത്ത് തുടരും എന്ന് പറഞ്ഞവര്‍ 11 ശതമാനം മാത്രമാണ്. 20 മണ്ഡലങ്ങളിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിന് തന്നെയാണ് പിന്തുണ. മോദിയുടെ പ്രകടനം നല്ലതാണെന്ന് വിലയിരുത്തിയ അഞ്ച് മണ്ഡലങ്ങളില്‍പ്പോലും അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ രാഹുലാണെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.

പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍ സിങ്ങും പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണെന്ന് എട്ടുശതമാനം പേര്‍ പറഞ്ഞു. പിണറായി വിജയനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് യോഗ്യനെന്ന് പറഞ്ഞവരും 8 ശതമാനത്തോളം വരും.

സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയ സ്കോര്‍ അഞ്ചില്‍ 2.84 മാത്രമാണ്. എന്‍ഡിഎ സര്‍ക്കാരിന് 2.75ഉം. അതേസമയം, പ്രതിപക്ഷത്തിന് ലഭിച്ച സ്കോര്‍ 3.13 ആണ്.

ഈ സാഹചര്യത്തില്‍ യുപിഎ അടുത്ത സര്‍ക്കാരുണ്ടാക്കുമെന്ന് 58 ശതമാനം പേരും അഭിപ്രായപ്പെട്ടു. മൂന്നാംമുന്നണി അധികാരത്തില്‍ വരുമെന്ന് 18 ശതമാനവും എന്‍ഡിഎ തുടരുമെന്ന് 13 ശതമാനവും വിശ്വസിക്കുന്നു.

മോദിയുടേയും സര്‍ക്കാരിന്‍റെയും പ്രകടനം ശരാശരിയില്‍ താഴെയായപ്പോള്‍ പ്രതിപക്ഷം ശരാശരി പ്രകടനം നടത്തിയെന്നാണ് വിലയിരുത്തല്‍ ഡിജിറ്റല്‍ ഇന്ത്യയും സ്വച്ഛ് ഭാരതും മോദിഭരണത്തിന്‍റെ നേട്ടങ്ങളാണെന്നും വിലക്കയറ്റവും ആള്‍ക്കൂട്ട കൊലപാതകങ്ങളും വീഴ്ചകളാണെന്നും വിലയിരുത്തി. നോട്ടുനിരോധനത്തിലും അതിര്‍ത്തി കടന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിക്കാത്തതിലും വോട്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ട്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യ വിഷയം വിലക്കയറ്റമാണെന്ന് സര്‍വേഫലം  പറയുന്നു. സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 20 ശതമാനം പേര്‍ വിശ്വസിക്കുന്നു.  നോട്ടുനിരോധനവും ജിഎസ്ടിയും പരാജയപ്പെട്ടെന്നും പുല്‍വാമ ഭീകരാക്രമണം പ്രതിപക്ഷത്തിനാണ് സഹായകമാകുന്നതെന്ന്  56 ശതമാനം പേര്‍ പ്രതികരിച്ചു.  കള്ളപ്പണം പിടിക്കാനും ഭീകരവാദം ഇല്ലാതാക്കാനും എന്ന പേരില്‍ മോദി കൊണ്ടുവന്ന നോട്ടുനിരോധനം പരാജയമെന്ന് 73 ശതമാനവും ജിഎസ്ടി നടപ്പാക്കിയത് പരാജയപ്പെട്ടെന്ന് 67 ശതമാനവും അഭിപ്രായപ്പെട്ടു.

സ്ത്രീസുരക്ഷ, സമൂഹത്തിലെ അസഹിഷ്ണുത, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ക്രമസാധാന പ്രശ്നങ്ങള്‍ സ്വാധീനിക്കുമെന്ന് 18 ശതമാനവും മതേതരത്വവും മതസൗഹാര്‍ദവും നേരിടുന്ന വെല്ലുവിളികള്‍ സ്വാധീനിക്കുമെന്ന് 8 ശതമാനവും പറയുന്നു.

റഫാല്‍ വിവാദം ബിജെപിയെ ബാധിക്കുമെന്ന് 43 ശതമാനവും ഇല്ലെന്ന് 41 ശതമാനവും വിലയിരുത്തി. മുന്നാക്കവിഭാഗത്തിന് പത്തുശതമാനം സാമ്പത്തികസംവരണമേര്‍പ്പെടുത്തിയ തീരുമാനം ബിജെപിക്ക് നേട്ടമാകില്ലെന്ന് 52 ശതമാനം പേരും പറയുന്നു.  സര്‍വേയില്‍ പങ്കെടുത്തവരില്‍ ആകെ നാലുശതമാനം മാത്രമാണ് ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.

മുത്തലാഖ് നിരോധനത്തിന്‍റെ ഉദ്ദേശം സ്ത്രീശാക്തീകരണമല്ലെന്ന് 55 ശതമാനം പേര്‍ വിശ്വസിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 64 ശതമാനം മുസ്‌ലീങ്ങളും ഈ നിലപാടുകാരാണ്.

ചുരുക്കത്തില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരാണ് സംസ്ഥാനത്തെ വോട്ടര്‍മാരുടെ മാനസികാവസ്ഥയെന്ന് വ്യക്തമാക്കുന്നതാണ് സര്‍വേഫലം.

teevandi enkile ennodu para