ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്; ഖേദപ്രകടനം

ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്. ഖേദം പ്രകടിപ്പിച്ച് വിശദീകരണക്കുറിപ്പ് ഇറക്കി. വൈറ്റിലയില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ ഖേദിക്കുന്നതായും ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും കല്ലട ട്രാവല്‍സ്. അതേസമയം യാത്രക്കാര്‍ തങ്ങളുടെ ജീവനക്കാരെയും ആക്രമിച്ചെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ പേർ പിടിയിലാകുമെന്നും സൂചനയുണ്ട്.

യാത്രക്കാര്‍ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് കല്ലട ട്രാവൽസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലെ വാദം. ഹരിപ്പാട് വെച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിച്ചു. കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെയും കയ്യേറ്റം നടത്തി. സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത് ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷം മാത്രമാണെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
അതേസമയം, യാത്രക്കാരെ ആക്രമിച്ച കേസിൽ സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ട് ജീവനക്കാർ കൊച്ചിയിൽ അറസ്റ്റിലായി. ബസ് കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതുചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. കൊച്ചി മരട് പൊലീസ് ബസ് പിടിച്ചെടുത്തു. കൂടുതൽ പേർ കേസിൽ പ്രതികളാകുമെന്നും സൂചനയുണ്ട്.

ശനി രാത്രി പത്തോടെ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് കരുവാറ്റയിൽ വെച്ച് തകരാറിലായി 3 മണിക്കൂർ വഴിയിൽ കിടക്കുകയായിരുന്നു. പകരം ബസ് ഏർപ്പെടുത്താതിരുന്നത് ചോദ്യം ചെയ്യുകയും പൊലീസിനെ വിളിക്കുകയും ചെയ്ത മൂന്നു യാത്രക്കാരെ മൃഗീയമായി മർദിച്ച് വഴിച്ചിഴച്ച് പുറത്തിട്ടു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരൻ ഫെയ്സ്ബുക്കിൽ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെ തുടർന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതേ തുടർന്നാണ് പൊലീസ് പിന്നീട് നടപടികൾ വേഗത്തിലാക്കിയത്. കൊച്ചി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കമ്പനിയുടെ വൈറ്റിലയിലെ മാനേജരെ കസ്റ്റഡിയിൽ എടുത്തു.

യാത്രക്കാരെ മർദിച്ച ജീവനക്കാരെ തിരിച്ചറിഞ്ഞ് രാവിലെ പതിനൊന്നോടെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബംഗളുരുവിൽ നിന്ന് തിരിച്ചെത്തിച്ച ബസ് ഉച്ചയോടെ കസ്റ്റഡിയിലെടുത്തു. പിന്നാലെ ബസിന്‍റെ പെർമിറ്റ് റദ്ദാക്കുന്നതായി ഗതാഗത കമ്മീഷണര്‍ തിരുവനന്തപുരത്ത് അറിയിച്ചു. സുരേഷ് കല്ലട കമ്പനിയുടെ മുഴുവൻ ബസുകളുടെയും രേഖകൾ പരിശോധിക്കാനും തീരുമാനമുണ്ട്. മർദനമേറ്റവരുടെ വിശദമായ മൊഴി രേഖപ്പെടുത്തി കൂടുതൽ ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. സുരേഷ കല്ലട ബസ് കമ്പനിയുടമ കെ.ആര്‍ സുരേഷ് കുമാറിനെ നേരിട്ട് വിളിപ്പിക്കാൻ ഡി.ജി.പി എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിർദേശം നൽകിയിട്ടുണ്ട്.

kallada travels
Comments (0)
Add Comment