തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് അന്വേഷണ സംഘം നോട്ടീസ് നൽകി. ചൊവ്വാഴ്ച രാവിലെ തൃശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദേശം. കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.
കുഴൽപ്പണക്കേസിലെ പരാതിക്കാരൻ ധർമ്മരാജനുമായുള്ള ബന്ധമാണ് കെ സുരേന്ദ്രൻ വിശദീകരിക്കേണ്ടി വരിക. പണം കവർച്ച ചെയ്യപ്പെട്ടയുടൻ ധർമരാജൻ വിളിച്ചവരിൽ സുരേന്ദ്രന്റെ മകനുമുണ്ട്. മാത്രമല്ല സുരേന്ദ്രന്റെ സെക്രട്ടറിയുടെയും ഡ്രൈവറുടെയും മകന്റെയും ഫോണുകളിൽ നിന്ന് ധർമ്മരാജനെ നിരവധി തവണ വിളിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണ് ബന്ധപ്പെട്ടതെന്ന് ഇവർ മൊഴിയും നൽകി. സുരേന്ദ്രന്റെ അറിവോടെയാണ് ഈ ഫോൺ സംഭാഷണങ്ങൾ നടന്നത് എന്നു കൂടി ഇവർ വിശദീകരിച്ചിട്ടുണ്ട്.
ഇതുവരെ ബിജെപി നേതാക്കൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാകും സുരേന്ദ്രനിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക. ധർമ്മരാജനെ എന്തിന് വിളിച്ചു, എത്ര തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണച്ചുമതലയാണ് ധർമ്മരാജനുണ്ടായിരുന്നത്, ഇതിന് രേഖയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. സുരേന്ദ്രൻ നൽകുന്ന വിവരങ്ങളും ചേർത്തായിരിക്കും പ്രത്യേക അന്വേഷണ സംഘം കേസിന്റെ അന്തിമ റിപ്പോർട്ട് തയാറാക്കുക. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറുന്ന റിപ്പോർട്ടിലും ഇക്കാര്യങ്ങൾ ഉണ്ടാകും.