സൂറത്തിൽ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി; കോച്ചിങ് സെന്‍ററുകൾ അടച്ചിടാന്‍ ഉത്തരവ്

Jaihind Webdesk
Sunday, May 26, 2019

ഗുജറാത്തിലെ സൂറത്തിൽ ബഹുനിലക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോച്ചിങ് സെന്‍ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. തീ പടർന്നു പിടിച്ചപ്പോൾ പ്രാണരക്ഷാർഥം മൂന്നാംനിലയിൽനിന്നും ടെറസിൽ നിന്നും താഴേക്കു ചാടിയവരാണു മരിച്ചവരിൽ ഭൂരിഭാഗവും.

സർത്താനയിലെ തക്ഷശില കെട്ടിട സമുച്ചയത്തിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മരിച്ചവരിൽ 16 പേരും പെൺകുട്ടികളാണ്. ഏഴുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇരുപതോളം വിദ്യാർഥികളാണു ചൂടും പുകയും സഹിക്കാനാവാതെ താഴേക്കു ചാടിയത്. കോച്ചിങ് സെന്‍റർ ഉടമ ഭാർഗവ് ബുട്ടാണിയെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിന്‍റെ നിർമാതാക്കളായ ഹർഷുൽ വെക്കാരിയ, ജിഗ്‌നേശ് പാലിവാൾ എന്നിവരെ ഉടൻ പിടികൂടുമെന്നു പൊലീസ് അറിയിച്ചു. മൂവർക്കുമെതിരെ നരഹത്യയ്ക്കു കേസെടുത്തു.

കെട്ടിടത്തിൽ രണ്ടു നിലയ്ക്കു മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂവെന്നും മൂന്നാം നിലയും ടെറസിലെ താൽക്കാലിക നിർമാണങ്ങളും അനധികൃതമായിരുന്നുവെന്നും അഗ്‌നിരക്ഷാസേന അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ കോച്ചിങ് സെന്‍ററുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.