ന്യൂഡല്‍ഹി: അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച രീതിയില്‍ ചോദ്യങ്ങളുമായി സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നീങ്ങിയത് മിന്നല്‍ വേഗത്തിലെന്ന് കോടതിയുടെ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. എന്തിനായിരുന്നു തിടുക്കമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട വിചാരണ ഒഴിവാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച കേന്ദ്ര സർക്കാർ നടപടി പരിശോധിക്കവേയാണ് കോടതിയുടെ നിർണായക ചോദ്യങ്ങള്‍. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമനത്തില്‍ പരിഷ്കരണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഭരണഘടന ബെഞ്ചിന് മുമ്പാകെ നടന്ന വാദം കേള്‍ക്കല്‍ അവസാനിച്ചു. ഹര്‍ജികള്‍ വിധി പറയാനായി ഭരണഘടനാ ബെഞ്ച് മാറ്റി.
ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർണായക ചോദ്യങ്ങൾ ചോദിച്ചത്. നാലുപേരിൽനിന്ന് ഈ പേരിലേക്ക് എങ്ങനെയാണ് എത്തിയത്? ഒഴിവുവന്നത് മേയ് 15ന്, അന്നുമുതൽ നവംബർ 18 വരെ എന്തു ചെയ്തെന്ന് പറയാമോ എന്നും കോടതി ചോദിച്ചു. നവംബര്‍ പതിനെട്ടിനാണ് നിയമനവും ആയി ബന്ധപ്പെട്ട ഫയല്‍ തയാറാക്കിയത്. അന്ന് തന്നെ അരുണ്‍ ഗോയലിന്റെ പേര് പ്രധാനമന്ത്രി ശുപാര്‍ശ ചെയ്യുന്നു. നിയമന ഉത്തരവും അന്നുതന്നെ പുറത്തിറക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. അരുണ്‍ ഗോയലിന്റെ യോഗ്യത ചോദ്യം ചെയ്യുന്നില്ലെന്നും നിയമന രീതിയെ കുറിച്ചാണ് ചോദിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഈ തിടുക്കം എന്തിനായിരുന്നുവെന്നായിരുന്നു കോടതിയുടെ നിർണായക ചോദ്യം.
നിയമനത്തിനായി നാല് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ പാനല്‍ കേന്ദ്രനിയമ മന്ത്രി തയാറാക്കിയെന്നും ഇതില്‍ നിന്നാണ് അരുണ്‍ ഗോയലിനെ തെരെഞ്ഞെടുത്തതെന്നും അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ട രമണി കോടതിയെ അറിയിച്ചു. എന്നാല്‍ പാനലിലേക്ക് എങ്ങനെയാണ് നാല് പേരെ തെരഞ്ഞെടുത്തതെന്ന് കോടതി ചോദിച്ചു. പാനലിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അരുണ്‍ ഗോയല്‍. കൂടുതല്‍ കാലം പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിനാല്‍ ആണ് അരുണ്‍ ഗോയലിനെ നിയമിച്ചതെന്നായിരുന്നുഅറ്റോര്ണി ജനറലിന്റെ മറുപടി.