റഫേല്‍ അന്വേഷണം ആവശ്യമില്ലെന്ന വിധിക്കെതിരായ ഹര്‍ജികളില്‍ നാളെ വിധി

Jaihind Webdesk
Wednesday, November 13, 2019

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന 2018 ഡിസംബറിലെ വിധിക്ക് എതിരായ പുനഃപരിശോധനാഹര്‍ജികളില്‍ നാളെ വിധി പറയും. മേയ് മാസത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ഹരജികളിലാണ് നാളെ വിധി വരുന്നത്. റഫേല്‍ ഇടപാടിലെ ക്രമക്കേടുകള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായി അന്വേഷിക്കണമെന്ന് പുനഃപരിശോധനാഹര്‍ജി ഫയല്‍ ചെയ്തവര്‍ക്കായി അഡ്വ. പ്രശാന്ത്ഭൂഷണ്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കൈമാറിയ രേഖകളിലെ തെറ്റായവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന നിഗമനത്തില്‍ സുപ്രീംകോടതി എത്തിയത്. അഴിമതിക്ക് എതിരായ വ്യവസ്ഥകള്‍ ഉള്‍പ്പെടെ എട്ട് നിര്‍ണായകവ്യവസ്ഥ റഫേല്‍ കരാറില്‍നിന്ന് ഒഴിവാക്കിയ വസ്തുത സര്‍ക്കാര്‍ മറച്ചുവെച്ചു. കരാറിന്റെ പേരില്‍ നിഗൂഢമായ പല നീക്കങ്ങളും അണിയറയില്‍ നടന്നിട്ടുണ്ട്. അതെല്ലാം വെളിച്ചത്ത് കൊണ്ടുവരാന്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അന്ന് പ്രശാന്ത്ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു.