അലോക് വര്‍മയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അലോക് വർമ നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്. അർധരാത്രി അപ്രതീക്ഷിതമായി സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ മാറ്റി നിർത്തിയത് വലിയ രാഷ്ട്രീയവിവാദങ്ങൾക്കാണ് വഴിവെച്ചത്.

സി.ബി.ഐയിലെ പാതിരാ അട്ടിമറിയിൽ കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ ഇന്ത്യ. രണ്ടു വർഷത്തെ കാലാവധിയുള്ളപ്പോൾ അർധരാത്രി ഇറക്കിയ ഉത്തരവിലൂടെ തന്നെ മാറ്റിയതിനെതിരെ അലോക് വർമയാണ് കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പറയുക.

സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വർമയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇരുവരെയും ചുമതലകളിൽ നിന്ന് കേന്ദ്ര സർക്കാർ നീക്കിയത്. ഈ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വർമയുടെ ഹർജി. അലോക് വർമക്കെതിരെ രാകേഷ് അസ്താന നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സി.വി.സി അതിന്‍റെ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. അലോക് വർമ്മക്ക് ക്ലീൻ ചിറ്റ് നൽകാതെയുളള റിപ്പോർട്ടാണ് സി.വി.സി നൽകിയത്. സി.ബി.ഐ ഡയറക്ടറെ മാറ്റിയത് റഫാൽ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.

CBI Casealok verma
Comments (0)
Add Comment