ഇലക്ടറല്‍ ബോണ്ടില്‍ കടുപ്പിച്ച് സുപ്രീം കോടതി; എസ്ബിഐ നാളെ തന്നെ വിശദാംശങ്ങള്‍ കൈമാറണം, തിരിച്ചടി

 

ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐക്ക് വിന്‍തിരിച്ചടി. വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സാവകാശം അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നാളെ തന്നെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന്‍റെ വിശദാംശങ്ങള്‍ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇലക്ടറല്‍ ബോണ്ടിന്‍റെ വിവരങ്ങള്‍ കൈമാറുന്നതിന് എസ്ബിഐ ഉയര്‍ത്തിയ വാദങ്ങള്‍ എല്ലാം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ പ്രത്യേകവും ബോണ്ട് സ്വീകരിച്ചവരുടെ വിവരങ്ങള്‍ പ്രത്യേകവും സൂക്ഷിച്ചിരിക്കുകയാണെന്ന് എസ്ബിഐക്ക് വേണ്ടി ഹരീഷ് സാല്‍വേ കോടതിയില്‍ വാദിച്ചു. 22,217 ബോണ്ടുകള്‍ വിതരണം ചെയ്തെന്നും 44,434 രേഖകള്‍ ക്രോഡീകരിക്കേണ്ടതുണ്ടെന്നും സാല്‍വേ വാദിച്ചു. തിരക്കിട്ട് വിവരങ്ങള്‍ നല്‍കി തെറ്റിപ്പോകാതിരിക്കാനാണ് സാവകാശം ചോദിച്ചതെന്നും സാല്‍വേ. നിങ്ങളോട് ക്രോഡീകരിക്കാനല്ല വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനാണ് പറഞ്ഞതെന്ന് സുപ്രീം കോടതി നിലപാട് കടുപ്പിച്ചു.

വിവരങ്ങള്‍ എല്ലാ മുംബൈ ഓഫീസില്‍ സീല്‍ ചെയ്ത കവറുകളില്ലല്ലേ. ആ സീല്‍ തുറന്ന് വിവരങ്ങള്‍ നല്‍കിയാല്‍ പോരേ എന്നും കോടതി ചോദിച്ചു. വിധി വന്ന് 26 ദിവസം എന്തുചെയ്യുകയായിരുന്നുവെന്നും കോടതി എസ്ബിഐയോട് ആരാഞ്ഞു. നാളെ വൈകിട്ട് അഞ്ചുമണിക്കകം വിവരങ്ങള്‍ സമര്‍പ്പിക്കുന്നില്ലെങ്കില്‍ എസ്ബിഐ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരും. എസ്ബിഐ കൈമാറിയ വിവരങ്ങള്‍ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

എസ്ബിഐയ്ക്കുള്ള മുന്നറിയിപ്പാണ് കോടതി നൽകിയതെങ്കിലും യഥാർത്ഥത്തിൽ തിരിച്ചടി നേരിടുന്നത് ബിജെപിയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കാൻ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി വഴി 2022–23 സാമ്പത്തിക വർഷം മാത്രം ബിജെപി പാർട്ടി ഫണ്ടായി സ്വീകരിച്ചത് 1300 കോടി രൂപയോളമെന്ന് റിപ്പോർട്ട്. ഭരണം കയ്യിലുള്ളവർക്ക് കണക്കില്ലാതെ ഫണ്ട് വരുന്നു എന്നതാണ് ഇതില്‍ ശ്രദ്ധേയം. മാര്‍ച്ച് 15-നുള്ളില്‍ ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പല വമ്പന്മാരുടെയും പേരുവിവരങ്ങളും അവര്‍ ഓരോ പാര്‍ട്ടിക്കും കൊടുത്ത കോടികളുടെയും കണക്ക് പുറത്തുവരും.

Comments (0)
Add Comment