മഹുവ മൊയ്‌ത്രയെ പുറത്താക്കിയതിനെതിരായ ഹർജി; ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി:  മുൻ തൃണമൂൽ എംപി മഹുവ മൊയ്‌ത്രയുടെ ഹർജിയിൽ ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രീംകോടതി നോട്ടീസ്. ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരായ ഹർജിയിലാണ് നോട്ടീസ്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ്  നോട്ടീസിൽ പറയുന്നത്. വാദം കേൾക്കാനായി ഹർജി മാർച്ച് 11ലേക്ക് മാറ്റി. തന്നെ പുറത്താക്കാൻ എത്തിക്‌സ് പാനലിന് അധികാരമില്ലെന്ന് മഹുവ മൊയ്‌ത്ര ഹർജിയിൽ പറഞ്ഞിരുന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

ബിജെപി എം.പി നിഷികാന്ത് ദുബെയുടെയും ജയ് അനന്ത് ദേഹാദ്രായിയുടേയും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ് അതെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡിസംബർ എട്ടിനാണ് തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന്  പുറത്താക്കിയത്. എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻമേൽ ശബ്ദവോട്ടോടെയാണ് മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.

എന്നാല്‍ തനിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും രാഷ്ട്രീയ പകപ്പോക്കലാണ് നടന്നതെന്നും മഹുവ ആരോപിക്കുന്നു. ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തതെന്നും തന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാന്‍ തീരുമാനമെടുക്കാന്‍ എത്തിക്‌സ് കമ്മറ്റിക്കോ പാര്‍ലമെന്റിനോ കഴിയില്ലെന്നും മഹുവ വാദിക്കുന്നു. അദാനി ഗ്രൂപ്പിനെതിരായ ചോദ്യങ്ങള്‍ പാര്‍ലമെന്റിലുന്നയിക്കാന്‍ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ കോഴവാങ്ങിയെന്നാണ് ആരോപണമുയര്‍ന്നത്. അതേസമയം മഹുവാ മൊയ്ത്രയുടെ മുന്‍ പങ്കാളി ആനന്ദ് ദേഹോത്രി സിബിഐക്ക് പരാതി നല്‍കി. തന്റെ ജീവന് ഭീഷണി ഉണ്ടെന്നും ഒഡീഷയില്‍ നിന്നുള്ള ഉള്ള ഒരു സംഘം മഹുവയ്‌ക്കൊപ്പമുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.

Comments (0)
Add Comment