വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം : കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

Jaihind News Bureau
Wednesday, August 26, 2020

വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം വിഷയത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കേന്ദ്രസർക്കാരിന് റിസർവ് ബാങ്കിന്റെ പിന്നിൽ ഒളിക്കാനാകില്ല. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാവരുത് സർക്കാരിന്‍റെ നയം എന്ന് ജസ്റ്റിസ് അശോക് ഭൂഷന്‍റെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാവരുത് സര്‍ക്കാരിന്റെ നയം എന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി. ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാവാന്‍ കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ആണ്. അതിനാല്‍ തീരുമാനം എടുക്കാതെ റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

റിസര്‍വ് ബാങ്കും, കേന്ദ്ര സര്‍ക്കാരും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയ്ക്ക് പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്നു എന്ന കോടതിയുടെ പരാമര്‍ശം തെറ്റാണെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജി സെപ്റ്റംബര്‍ 1ന് വീണ്ടും പരിഗണിക്കും.