സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് വില വര്‍ധന; നവകേരള സദസിന് ശേഷം മതിയെന്ന് ആലോചന


സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടുന്നത് നവകേരള സദസിന് ശേഷം നടപ്പില്‍ വരുത്താന്‍ ഭക്ഷ്യ വകുപ്പ് ആലോചന. 7 വര്‍ഷത്തിന് ശേഷം വില കൂട്ടാന്‍ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് അനുമതി നല്‍കിയത്. തീരുമാനം എടുക്കാന്‍ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. വില കൂട്ടിയാലും പൊതു വിപണിയില്‍ നിന്ന് 25 രൂപ എങ്കിലും കുറവ് വരുത്താനും നീക്കമുണ്ട്. വില കൂട്ടാന്‍ തീരുമാനം വന്നതോടെ കുടിശ്ശിക ആയുള്ള 1,525 കോടി ഇനി കിട്ടുമോ എന്ന് സപ്ലൈകോയ്ക്ക് ആശങ്കയുണ്ട്. സബ്‌സിഡി സാധനങ്ങള്‍ക്ക് വില കൂട്ടിയാല്‍ പിന്നെ ആളുകള്‍ എത്താതെയാകുമോ എന്നും ആശങ്കയുണ്ട്.ഏഴ് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോയിലെ സബ്സിഡി സാധനങ്ങള്‍ക്ക് വില കൂട്ടുന്നത്. വന്‍പയര്‍, ചെറുപയര്‍, പഞ്ചസാര, പച്ചരി, മുളക്, മല്ലി എന്നിവയ്ക്കെല്ലാം വില കൂടും. തീരുമാനം എടുക്കാന്‍ ഭക്ഷ്യ മന്ത്രിയെ എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. വില കൂട്ടണം എന്ന സപ്ലൈക്കോയുടെ ആവശ്യം പരിഗണിച്ചാണ് എല്‍ഡിഎഫ് യോഗം തീരുമാനം എടുക്കാന്‍ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. വിപണിയില്‍ ഇടപെട്ടതിന്റെ പേരില്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക 1525 കോടിയാണ്. ഒന്നുകില്‍ കുടിശ്ശിക നല്‍കുക അല്ലെങ്കില്‍ വില കൂട്ടുകയെന്നതാണ് സപ്ലൈകോ മുന്നോട്ട് വെച്ച ആവശ്യം. പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെയും നിലപാട്.

 

Comments (0)
Add Comment