തിരുവനന്തപുരം: ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കേണ്ട സപ്ലൈകോ ചന്തകൾ അവശ്യസാധനങ്ങൾ ഇല്ലാതെ നോക്കുകുത്തികൾ ആകുന്നു. സപ്ലൈകോ താലൂക്ക് തലങ്ങളിൽ ആരംഭിച്ച ഈസ്റ്റർ-റംസാൻ വിഷു ഫെയർ ചന്തകളിൽ
നാമമാത്രമായ അവശ്യ സബ്സിഡി സാധനങ്ങൾ മാത്രമാണുള്ളത്.
ഉത്സവകാലത്ത് വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിർത്തേണ്ട സപ്ലൈകോയുടെ ഈസ്റ്റർ-റംസാൻ വിഷു ഫെയർ ചന്തകളിൽ നാമമാത്രമായ സാധനങ്ങൾ മാത്രമാണ് നിലവിലുള്ളത്. പതിമൂന്നിനം സബ്സിഡി അവശ്യസാധനങ്ങളിൽ കേവലം മൂന്നും നാലും സാധനങ്ങൾ മാത്രമാണ് ഉത്സവകാല ചന്തകളിൽ ലഭിക്കുന്നത്. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി സപ്ലൈകോ കേന്ദ്രങ്ങളെ ബാധിച്ചിട്ട് മാസങ്ങളായി. മാസങ്ങളായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുന്നതിനിടയിലാണ് ഉത്സവകാല ചന്തകൾ കൂടി ആരംഭിച്ചത്. സപ്ലൈകോ താലൂക്ക് തലങ്ങളിൽ ആരംഭിച്ച ഈസ്റ്റർ-റംസാൻ വിഷു ഫെയർ ചന്തകളുടെ സ്ഥിതി തീർത്തും പരിതാപകരമാണ്.
ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കേണ്ട ചന്തകൾ സാധനങ്ങളില്ലാതെ ബാനർ മാത്രം കെട്ടി നോക്കുകുത്തികൾ ആയി മാറി. സർക്കാർ കോടിക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയതോടെയാണ് കരാറുകാർ സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകാതായത്. കരാറുകാർ ടെന്‍ഡറിൽ പോലും പങ്കെടുക്കാതായതോടെ സ്ഥിതി ഏറെ പരിതാപകരമായി. സപ്ലൈകോ സ്റ്റോറുകളിലും ഉത്സവകാല ചന്തകളിലും സബ്സിഡി സാധനങ്ങൾ ലഭ്യമാകാത്തത് വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാർക്ക് ഇരുട്ടടി ആകുകയാണ്.