സപ്ലൈകോയെ കൈയ്യൊഴിഞ്ഞ് സര്‍ക്കാര്‍; കേന്ദ്രവും സംസ്ഥാനവും കുടിശികയായി നല്‍കാനുളളത് 3750 കോടി


സപ്ലൈകോയിലെ 13 ഇന സബ്‌സിഡി ഉത്പന്നങ്ങളില്‍ 5 എണ്ണം പോലും എവിടെയുമില്ല. പഴി ഉയരുമ്പോള്‍ കാലിയാകുന്ന കീശയാണ് സപ്ലൈകോയുടെ മറുപടി. അതും 2012 മുതല്‍ വിപണി ഇടപെടലിനായി ചിലവഴിച്ചതില്‍ വന്ന വലിയ ബാധ്യതയാണ്. നെല്ല് സംഭരണം, റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം, അവശ്യ സാധനങ്ങളുടെ വില നിയന്ത്രണം, വിലക്കയറ്റം ഒഴിവാക്കി വിപണിയില്‍ നേരിട്ട് ഇടപെട്ട് സാധാരണക്കാരന് കുറഞ്ഞ ചിലവില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനാണ് സപ്ലൈക്കോ. എന്നാല്‍ 3750 കോടി രൂപയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത്. ഇതില്‍ 2700 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കുടിശ്ശികയാണ്. 850 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും മുടങ്ങി.

2012 മുതല്‍ ഇത് വരെ വിപണി ഇടപെടലിനായി സബ്‌സിഡി ഉത്പന്നങ്ങള്‍ ലഭ്യമാക്കി 1525 കോടി രൂപയാണ് സപ്ലൈകോ ചിലവഴിച്ചത്. എന്നാല്‍ ഇതില്‍ പല തവണകളിലായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും കിട്ടിയത് 140 കോടി രൂപ മാത്രമാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി, തൊഴില്‍ സാമൂഹ്യനീതി വകുപ്പുകള്‍ വഴി ലഭ്യമാക്കിയ ഭക്ഷ്യ കിറ്റ് ഇനത്തിലും 200 കോടി രൂപ സപ്ലൈകോയ്ക്ക് കിട്ടാനുണ്ട്. ചിലവഴിച്ച വലിയ തുക മുടങ്ങി കിടക്കുമ്പോള്‍ കരാറുകാര്‍ക്ക് സപ്ലൈകോയും മുടക്കി 600 കോടി രൂപ. ഇതാണ് കാലിയായ റാക്കുകള്‍ക്ക് കാരണവും.

സാമ്പത്തികബാധ്യത പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥയിലാണ് സപ്ലൈകോ സിഎംഡിയുടെ ചുമതലയുള്ള ശ്രീറാം വെങ്കിട്ടരാമന്‍ ഭക്ഷ്യമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ കുടിശ്ശിക അനുവദിക്കുന്നതിലോ, സബ്‌സിഡി ഉത്പന്നങ്ങളുടെ വില ഉയര്‍ത്തുന്നതിലോ ഭക്ഷ്യവകുപ്പിന് മാത്രം ഒന്നും ചെയ്യാനാകില്ല. കാലിയായ ഖജനാവ് ചൂണ്ടി സപ്ലൈകോ കുടിശ്ശികയില്‍ തത്കാലം തീരുമാനമില്ലെന്ന് കൈമലര്‍ത്തുകയാണ് ധനവകുപ്പ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സബ്‌സിഡി ഉത്പന്നങ്ങളുടെ വില കൂട്ടുന്നതില്‍ ഇടതുമുന്നണിയിലും ആശയക്കുഴപ്പം.

 

Comments (0)
Add Comment