സണ്ണിയും ആദമും മുഖ്യവേഷങ്ങളിൽ; മികച്ച പ്രതികരണങ്ങളുമായി ‘ബൈനറി എറർ’

Jaihind Webdesk
Sunday, August 28, 2022

ദ്വിലിംഗ സങ്കൽപ്പത്തെ കുറിച്ചുള്ള സമൂഹത്തിന്റെ വിവിധ കാഴ്ചപ്പാടുകളാണ് ‘ബൈനറി എറർ’. സബ് ഇൻസ്‌പെക്ടർ സണ്ണി തോമസായെത്തുന്ന സണ്ണി വെയിനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ആദ്യ ട്രാൻസ്‌മാൻ പൈലറ്റായ ആദം ഹാരി ഈ ഹ്രസ്വചിത്രത്തിലൂടെ സിനിമാ ലോകത്തേക്കെത്തുന്നു എന്ന പ്രത്യേകതയും ബൈനറിക്കുണ്ട്. മാധ്യമപ്രവര്‍ത്തക കൂടിയായ അഞ്ജന ജോർജാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ട്രാൻസ്‍ജെൻഡറുകളുടെ ജീവിതത്തിലെ പ്രതിസന്ധികളും തുടർന്നുള്ള ജീവിതവും പറയുന്ന ബൈനറി എറർ സമൂഹത്തിന്റെ പ്രതിഫലനം കൂടിയാണെന്ന് സണ്ണി വെയ്ൻ പറയുന്നു.

സമൂഹത്തിന്റെ അറിവില്ലായ്മ കാരണം ട്രാൻസ്‍ജൻഡറുകളുടെ കുടുംബങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും ചിത്രം പറയുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ നേതൃത്വത്തില്‍ പുതിയ സംവിധായകർക്കായി ആരംഭിച്ച ‘നേരമ്പോക്കിന്റെ’ ബാനറിലാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. സുനിൽ ശങ്കറും അഞ്ജന ജോർജും ചേർന്നു തിരക്കഥ തയാറാക്കിയ ചിത്രം യൂട്യൂബിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്.