ബി.ജെ.പി എം.പി സണ്ണി ഡിയോളിന് സീറ്റ് നഷ്ടമായേക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ പണം ചെലവിട്ടു; അധിക ചെലവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സിനിമാ നടനും ബി.ജെ.പിയുടെ ഗുരുദാസ്പുര്‍ എം.പിയുമായ സണ്ണി ഡിയോളിന് സീറ്റ് നഷ്ടമായേക്കും. അനുവദിച്ചതിലും കൂടുതല്‍ തുക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് 70 ലക്ഷം എന്നായിരിക്കെ 87 ലക്ഷം രൂപയാണ് തന്റെ കന്നി മത്സരത്തിനായി സണ്ണി ഡിയോള്‍ ചെലവിട്ടത്.

തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതിക്ക് സണ്ണി ഡിയോളിന്റെ അധിക ചെലവിനെക്കുറിച്ച് ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.  അനുവദിച്ചതിലും കൂടുതല്‍ പണം ചെലവിട്ടുവെന്ന് കമ്മീഷന് ബോധ്യപ്പെട്ടാല്‍ സണ്ണി ഡിയോളിന്റെ എം.പി സ്ഥാനം റദ്ദാക്കാനും രണ്ടാംസ്ഥാനത്ത് എത്തിയ വ്യക്തിയെ വിജയി ആയി പ്രഖ്യാപിക്കാനും അധികാരമുണ്ട്. 80,000 വോട്ടിനായിരുന്നു സണ്ണി ഡിയോളിന്റെ വിജയം. പഞ്ചാബ് കോണ്‍ഗ്രസ് മേധാവി സുനില്‍ ജാഖര്‍ ആയിരുന്നു രണ്ടാംസ്ഥാനത്ത്.

Comments (0)
Add Comment