മണ്ഡലത്തിലെ ജനങ്ങളെ കാണാന്‍ ‘ഡമ്മി’ ആളെ നിയമിച്ച് ബി.ജെ.പി എം.പി; വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന സണ്ണി ഡിയോളിനെതിരെ പ്രതിഷേധം വ്യാപകം

Jaihind Webdesk
Tuesday, July 2, 2019

ന്യൂഡല്‍ഹി: പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ എം.പിയും സിനിമ നടനുമായി സണ്ണിഡിയോളിന് മണ്ഡലത്തിലെത്താന്‍ സമയം ഇല്ലാത്തതിനാല്‍ പകരം ആളെ നിയോഗിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായിരിക്കുന്നത്. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്ന് വിജയിച്ച എംപിയായ സണ്ണി ഡിയോളാണ് മണ്ഡലത്തില്‍ എംപിയുടെ ചുമതല നിര്‍വഹിക്കാന്‍ പകരക്കാരനെ നിയമിച്ചത്. തിരക്കുള്ളതിനാലാണ് പകരക്കാരനെ നിയോഗിക്കുന്നതെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. തന്റെ അസാന്നിധ്യത്തില്‍ മണ്ഡലത്തിലെ യോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കാനും മറ്റ് കാര്യങ്ങള്‍ നോക്കാനുമാണ് പ്രതിനിധിയെ നിയോഗിച്ചതെന്നാണ് സണ്ണി ഡിയോള്‍ നല്‍കുന്ന വിശദീകരണം. എഴുത്തുകാരനായ ഗുര്‍പ്രീത് സിങ് പല്‍ഹേരിയെയാണ് സണ്ണി ഡിയോള്‍ തനിക്ക് പകരക്കാരനായി നിയോഗിച്ചത്.

സണ്ണി ഡിയോളിന്റെ കത്തില്‍ പറയുന്നത് ഇങ്ങനെ: ‘I hereby appoint Gurpreet Singh Palheri, son of Supinder Singh, resident of village Palheri, district Mohali, Punjab, as my representative to attend meetings and follow important matters pertaining to my Parliamentary constituency, Gurdaspur (Punjab), with concerned authorities,’

ഇതിനു പിന്നാലെ നിരവധി പേരാണ് ഡിയോളിനെതിരെ രംഗത്തെത്തിയത്. പ്രതിനിധിയായി നിയോഗിച്ച വ്യക്തിക്ക് എംപിയെന്ന നിലയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം നല്‍കുമോ എന്ന് നിരവധി പേര്‍ ചോദ്യം ഉന്നയിച്ചു. ഭരണഘടനാപരമായി ഇത്തരം ഒരു കാര്യം ചെയ്യാന്‍ പാടുണ്ടോ എന്ന് ചിലര്‍ ചോദിക്കുന്നു.

സണ്ണി ഡിയോളിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. ഗുര്‍ദാസ്പൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തത് സണ്ണി ഡിയോളിനാണ് അല്ലാതെ അദ്ദേഹം വച്ച പ്രതിനിധിക്കല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുഖ്ജീന്തര്‍ സിങ് രണ്ഡാവ പ്രതികരിച്ചു. 24 മണിക്കൂറും ജനങ്ങള്‍ക്ക് സേവനം കിട്ടാനാണ് തന്നെ നിയമിച്ചതെന്ന് പല്‍ഹേരി പ്രതികരിച്ചു.