വാഗ്ദാനം ചെയ്തത് 50 ലക്ഷവും വൈന്‍ പാർലറും; തെരഞ്ഞെടുപ്പ് കോഴയില്‍ സുരേന്ദ്രനെതിരെ വീണ്ടും സുന്ദര

Jaihind Webdesk
Monday, September 27, 2021

 

കാസര്‍ഗോഡ് : തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അപരസ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര വീണ്ടും രംഗത്ത്. തെരഞ്ഞെടുപ്പില്‍ തന്‍റെ സ്ഥാനാർത്ഥിത്വം പിന്‍വലിക്കാനായി കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചെലവഴിച്ചതായും എന്നാല്‍ അതില്‍ 47 ലക്ഷവും ബിജെപി നേതാക്കന്മാർ തന്നെ തട്ടിയെടുത്തതായും സുന്ദര വെളിപ്പെടുത്തി.

ബിജെപിക്കാരനായ തന്‍റെ സുഹൃത്ത് വഴിയാണ് തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ മനസിലാക്കിയതെന്ന് സുന്ദര പറയുന്നു. 50 ലക്ഷം രൂപയില്‍ 2.5 ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചത്. ബാക്കി തുക പാർട്ടി പ്രവർത്തകർ തന്നെ കൈക്കലാക്കുകയായിരുന്നുവെന്ന് സുന്ദര പറയുന്നു. പണവും മൊബൈല്‍ ഫോണും നല്‍കിയതിന് പുറമെ കർണാടകത്തില്‍ വൈന്‍ പാർലറും വീടും ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് സുന്ദര നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടര ലക്ഷം രൂപ ബിജെപി നേതാക്കന്മാര്‍ നല്‍കിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലോടെയാണ് തെരഞ്ഞെടുപ്പ് കോഴക്കേസിന്‍റെ തുടക്കം. കെ സുരേന്ദ്രന്‍ ഫോണില്‍ ആവശ്യം ഉന്നയിച്ചതായും ഇതിന് പിന്നാലെ പ്രാദേശിക ബിജെപി നേതാക്കള്‍ വീട്ടിലെത്തി പണം കൈമാറിയെന്നും സുന്ദര വ്യക്തമാക്കിയിരുന്നു.  സുരേഷ് നായിക്, അശോക് ഷെട്ടി, സുനിൽ നായിക് എന്നിവർ വീട്ടിൽ എത്തിയെന്നും പണം നൽകിയത് സുനിൽ നായിക് ആണെന്നും സുന്ദര മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ സുരേന്ദ്രനും ബിജെപിക്കും എതിരെ സുന്ദര വെളിപ്പെടുത്തുന്നത്.