സംസ്ഥാനത്ത് സൂര്യാഘാത സാധ്യത ; ജാഗ്രത നിർദ്ദേശം

Jaihind Webdesk
Wednesday, March 13, 2019

സംസ്ഥാനത്ത് സൂര്യാഘാത സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കൊടും ചൂട് കാരണം ഉണ്ടാകുന്ന, പ്രശ്‌നങ്ങളെ ദുരന്തത്തിൻറെ പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരവും നിശ്ചയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പില്ല. എന്നാൽ, ഈ മാസം അവസാനത്തോടെ വേനൽ കടുത്തേക്കും എന്നാണ് വിവരം. മെയ് മാസം അവസാനം വരെ ഈ സാഹചര്യം തുടർന്നേക്കും. സൂര്യഘാതം ഒഴിവാക്കാൻ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ വെയിലത്തുള്ള ജോലിക്ക് നിയന്ത്രണമേർപ്പെടുത്തി ലേബർ കമ്മീഷണർ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം എന്നാണ് നിർദ്ദേശം.

സൂര്യഘാതവും വെയിലേറ്റുള്ള ഗുരുതരമായ പൊള്ളലും സംസ്ഥാന ദുരന്തങ്ങളുടെ പട്ടകയിൽപ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിച്ച് ഉത്തരവിറക്കി. സൂര്യാഘാതമേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. കാഴ്ച നഷ്ടപ്പെട്ടാൽ പരമാവധി രണ്ടുലക്ഷം രൂപവരെ നൽകും. പൊള്ളലേറ്റ് ആശുപത്രിയിൽ കിടക്കേണ്ടിവന്നാൽ 12700 രൂപയാണ് സഹായമായി അനുവദിക്കുക. കന്നുകാലികൾ ചത്താൽ 30,000 രൂപ വരെയും നഷ്ടപരിഹാരം ലഭിക്കും.

വേനൽച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം നീങ്ങുകയാണ്. പൊരിവെയിലത്ത് പ്രചാരണം ഒഴിവാക്കാൻ നേതാക്കളും അണികളും ശ്രദ്ധിക്കണം. ജീവിത ശൈലി രോഗങ്ങളുള്ളവർ മുൻകരുതൽ സ്വീകരിക്കണം. അവധിക്കാലമാകുന്നതോടെ കുട്ടികൾക്ക് സൂര്യാഘാത സാധ്യത ഒഴിവാക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയപ്പ് നൽകി. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വേനൽമഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.[yop_poll id=2]