തീർത്ഥാടന സർക്യൂട്ട് റദ്ദാക്കിയത് ശ്രീനാരായണിയരോടുള്ള വഞ്ചന: സുമേഷ് അച്യുതൻ

Jaihind News Bureau
Tuesday, June 2, 2020

 

പാലക്കാട്: ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളെ കോർത്തിണക്കിയുള്ള  69.47 കോടി രൂപയുടെ ശിവഗിരി ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ട് ഉപേക്ഷിച്ച കേന്ദ്ര സർക്കാർ നടപടി ശ്രീനാരായണിയരോട് കടുത്ത വഞ്ചനയെന്ന് കോൺഗ്രസ് ഒ.ബി.സി.ഡിപ്പാർട്ട്മെൻറ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ . ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും, സാംസ്‌കാരിക സ്ഥാപനങ്ങളുമായ ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂർ ശ്രീ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, കായിക്കര കുമാരനാശാൻ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള സർക്യൂട്ടാണ് ഉപേക്ഷിച്ചത്.

ഈ വിഷയത്തെ സംസ്ഥാന സർക്കാർ കേവലം ടൂറിസം പ്രശ്നമായാണ് കാണുന്നത് എന്നാൽ ഇത് ശ്രീനാരായണീയരുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. പന്തിക്ക് ഇലയിട്ട ശേഷം ചോറില്ലെന്ന് പറയുന്ന കേന്ദ്ര സർക്കാർ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് തട്ടാൻ കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടന മഹാമഹത്തിന് ശ്രീനാരായണീയ സമൂഹത്തോട് മാപ്പു പറയണം. കേന്ദ്രം തെറ്റുതിരുത്തി പദ്ധതി ഉപേക്ഷിച്ച നടപടി പിൻവലിക്കണം. അല്ലാത്ത പക്ഷം എല്ലാം കേന്ദ്ര സർക്കാരിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കണം. ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ വഞ്ചനക്കെതിരെ  ജൂൺ മൂന്നിന് (ബുധനാഴ്ച ) രാവിലെ ഒമ്പതു മുതൽ ജൂൺ നാല് ( വ്യാഴാഴ്ച)  രാവിലെ ഒമ്പതു വരെ രാജ്ഭവനു മുമ്പിൽ തന്റെ നേതൃത്വത്തിൽ ഉപവസിക്കുമെന്ന് സുമേഷ് അച്യുതൻ അറിയിച്ചു. പ്രസ്തുത ഉപവാസത്തിന്റെ ഉദ്ഘാടനംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.