നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമം: ജി. സുകുമാരന്‍ നായര്‍

Jaihind Webdesk
Sunday, January 6, 2019

NSS-G-Sukumaran Nair

പെരുന്ന: സുപ്രീംകോടതിവിധിയുടെ മറവില്‍ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ അചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസുത്രീത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടന്നുവരുന്നതെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ജനങ്ങള്‍ നല്‍കിയ അധികാരം കൈയില്‍വെച്ചുകൊണ്ട് ഏത് ഹീനമാര്‍ഗ്ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

ഇതിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണക്കാര്‍ സംസ്ഥാന സര്‍ക്കാരാണെന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. ആദ്യംമുതല്‍ തന്നെ സമാധാനപരമായി പരിഹരിക്കാവുന്ന ഈ പ്രശ്‌നം ഇത്രയും സങ്കീര്‍ണ്ണമാക്കിയതും സര്‍ക്കാരാണ്.

അനവാശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കി ജയിലിലടയ്ക്കുക, നാട്ടില്‍ മുഴുവന്‍ അരാജകത്വം സൃഷ്ടിക്കുക, എന്ത് കള്ളവും മാറിമാറിപ്പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാന്‍ ശ്രമിക്കുക, ഹൈന്ദവ ആചാര്യന്‍മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക ഇതെല്ലാമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതൊരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതാണോ എന്നും ജി. സുകുമാരന്‍ നായര്‍ ചോദിച്ചു.
ശബരിമലയിലെ നിലവിലുള്ള ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വരവിശ്വാം നിലനിര്‍ത്തേണ്ടത് ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ആവശ്യമാണെന്നും അത് സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.