പിണറായിക്ക് ധാര്‍ഷ്ട്യം; വനിതാ മതിലിനെ എതിര്‍ത്ത് എന്‍.എസ്.എസ്

Jaihind Webdesk
Monday, December 17, 2018

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു ധാര്‍ഷ്ട്യമാണെന്നു ആരെയും അംഗീകരിക്കുന്നില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി എന്ന നിലക്കല്ല പിണറായി വിജയന്‍ ജനങ്ങളെ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാറില്‍ നിന്നും സംഘടന ഒന്നും നേടിയിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതിന്റെ തുടര്‍ച്ചയാണ് അവര്‍ ചെയ്തത്. എന്‍.എസ്.എസ് സമദൂര നിലപാടില്‍ നിന്നും മാറിയിട്ടില്ല. ആരുടെയും ചട്ടുകമാകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കും. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ ശ്രമം പരാജയപ്പെട്ടു. അപ്പോഴാണ് ‘വനിതാമതില്‍’ എന്ന ഓമനപ്പേരില്‍ പുതിയ പരിപാടിയുമായി എത്തിയിരിക്കുന്നത്. വനിതാ മതിലിനെ പിന്തുണച്ചാല്‍ ആര്‍. ബാലകൃഷ്ണപിള്ളയുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  സുപ്രീംകോടതി വിധിയില്‍ ഉറച്ചു നിന്നാല്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കും. ശബരിമല വിഷയത്തിന് നവോത്ഥാനവുമായി എന്തു ബന്ധമാണുള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

വിശ്വാസമാണ് വലുത്. വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പജ്യോതിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. എന്നാല്‍ എന്‍.എസ്.എസ് അതിന് ആഹ്വാനം ചെയ്യില്ല. വിശ്വാസികള്‍ക്ക് ആ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും സുകുമാരന്‍ പറഞ്ഞു.