തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടിയെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളിവിട്ട വിദ്യാര്‍ത്ഥി യൂണിയന് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം. കലായങ്ങളില്‍ ആരോഗ്യകരമായ യൂണിയന് പ്രവര്‍ത്തനമാണ് വേണ്ടതെന്നും ഗുണ്ടാ പ്രവര്‍ത്തനമല്ലെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ ഹാളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികളെ പിടിച്ചിറക്കി കൊണ്ടു പോയി യൂണിയന് പരിപാടികളില്‍ പങ്കെടുപ്പിക്കുന്നു എന്നാണ് പരാതി. ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. പഠിക്കാന്‍ വേണ്ടിയാണ് കുട്ടികള്‍ കോളേജുകളില്‍ ചേരുന്നത്. പഠനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലും കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ഉതകുന്ന തരത്തിലുമുള്ള വിദ്യാര്‍ത്ഥി യൂണിയന് പ്രവര്‍ത്തനമാണ് അഭികാമ്യം. അല്ലാതെ ഒരു കോളേജിനെ തങ്ങളുടെ കുത്തകയായി മാത്രം പിടിച്ചുവെക്കുകയും കുട്ടികളെ അടിമകളെപ്പോലെ നിര്‍ബന്ധിച്ച് നിരന്തരം പരിപാടികളിലും സമരങ്ങളിലും പങ്കെടുപ്പിക്കുകയും ഇതിന് തയാറാകാത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്.
യൂണിവേഴ്സിറ്റി കോളേജില്‍ ഇത്തരം പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് നിരവധി പരാതികള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ തിലകക്കുറിയാകേണ്ട കലാലയത്തെ ഒരു വിഭാഗം വിദ്യാര്‍ത്ഥി നേതാക്കളുടെ തോന്ന്യാസ കേന്ദ്രങ്ങളായി മാറ്റുന്നത് അനുവദിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം എല്ലാവരുടെയും കണ്ണ് തുറപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.