വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം: വെളിപ്പെട്ടത് എസ്.എഫ്.ഐയുടെ ഭീകരമുഖം

യൂണിയന്‍ നേതാക്കളുടെ ശല്യത്തെ തുടര്‍ന്ന് പഠനം തടസപ്പെടുന്നതില്‍ മനംനൊന്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചതിലൂടെ ഇടതുവിദ്യാര്‍ത്ഥി സംഘടനയുടെ ഭീകരമുഖം ഒരിക്കല്‍ക്കൂടി പുറത്തുവന്നെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പൂര്‍ണമായും എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള ഈ കാമ്പസ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ട് വര്‍ഷങ്ങളേറെയായി. കണ്ണൂര്‍ മോഡല്‍ പോലെ ഈ കോളേജില്‍ വന്‍ തോതില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആയുധം ശേഖരിച്ചിട്ടുണ്ട്. സ്വതന്ത്രമായി പഠിക്കാന്‍ കഴിയാത്തത് ചൂണ്ടിക്കാട്ടി പല വിദ്യാര്‍ത്ഥികളും നേരത്തെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും എസ്.എഫ്.ഐയുടെ ഭീഷണിയെ തുടര്‍ന്ന് കോളേജ് അധികൃതര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനിതാ സുഹൃത്തിനൊപ്പം കോളേജിലെത്തിയ ഒരു യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് എസ്.എഫ്.ഐക്കാര്‍ കൈകാര്യം ചെയ്തതും ഒരുവര്‍ഷം മുന്‍പ് പാളയം യുദ്ധസ്മാരകത്തിന് സമീപത്ത് ട്രാഫിക് ലംഘനം നടത്തിയത് ചോദ്യം ചെയ്ത പോലീസുകാരെ മൃഗീയമായി എസ്.എഫ്.ഐക്കാര്‍ തല്ലിച്ചതച്ചതും കേരളം മറന്നിട്ടില്ല. ഭരണത്തിന്‍റെ തണലില്‍ സി.പി.എം ഒരുക്കുന്ന സംരക്ഷണ കവചമാണ് എസ്.എഫ്.ഐക്കാരെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മാത്രമല്ല സംസ്ഥാനത്ത് എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള ഒട്ടുമിക്ക കോളേജുകളുടെയും അവസ്ഥ ഇതാണ്. ഇത്തരം സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നത് പൂര്‍ണമായും സി.പി.എം നേതൃത്വമാണ്. വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

sfimullappally ramachandranuniversity college
Comments (0)
Add Comment