‘കുഴപ്പമുണ്ടെങ്കില്‍ ഉദ്യോഗസ്ഥരോട് ചോദിക്കണം’ ; ആരിഫിനെ തള്ളി ജി.സുധാകരന്‍

Jaihind Webdesk
Saturday, August 14, 2021

ആലപ്പുഴ : ചേർത്തല-അരൂര്‍ ദേശീയപാത പുനര്‍നിര്‍മാണത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള പരാതിയില്‍ എ.എം ആരിഫ് എം.പിയെ തള്ളി ജി.സുധാകരന്‍. റോഡ് നിർമ്മാണത്തില്‍ വീഴ്ചയില്ലെന്ന് പറഞ്ഞ അദ്ദേഹം, കുഴപ്പം വന്നിട്ടുണ്ടെങ്കില്‍ ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോടാണെന്നും പറഞ്ഞു.

അരൂര്‍–ചേര്‍ത്തല ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫ് എം.പി. മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്‍കിയിരുന്നു. 36 കോടി ചെലവിട്ട് ജര്‍മന്‍ സാങ്കേതികവിദ്യയോടെയായിരുന്നു പുനര്‍നിര്‍മാണം. മൂന്നുവര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നെന്നും കത്തിലുണ്ട്.

അതേസമയം പരാതി വിവാദമായതിനുപിന്നാലെ സുധാകരനെ ന്യായീകരിച്ചും ഉദ്യോഗസ്ഥരെ പഴിചാരിയും ആരിഫും രംഗത്തെത്തി. ഇക്കാര്യങ്ങള്‍ സുധാകരന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ലെന്നും കരാറുകാരും എഞ്ചിനീയര്‍മാരുമാണ് ഉത്തരവാദികളെന്നുമായിരുന്നു ആരിഫിന്‍റെ ന്യായീകരണം.