മുഖ്യമന്ത്രിയുടേത് മുന്‍കൂട്ടി തയാറാക്കിയ വിശദീകരണം, പതറിയ ശരീരഭാഷ ; കെ സുധാകരന്‍റെ മറുപടി ഇന്ന്

Jaihind Webdesk
Saturday, June 19, 2021

തിരുവനന്തപുരം :  കൊവിഡ് വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ വിമര്‍ശിക്കാന്‍ മാത്രം ഇരുപത് മിനിറ്റോളം മുഖ്യമന്ത്രി ചിലവഴിച്ചതില്‍ നാടകീയത. നേരത്തെ എഴുതി തയാറാക്കിയ മറുപടി ബോധപൂര്‍വം വായിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം കെ സുധാകരന്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ഇന്നു മറുപടി പറയും

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായത് കൂടുതല്‍ അസ്വസ്ഥനാക്കിയത് പിണറായിയെ ആണ്. പദവി ഏറ്റടുത്ത ശേഷം രാഷ്ട്രീയ വിഷയങ്ങളില്‍ പിണറായി വിജയനെ പലവട്ടം കെ സുധാകരന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അന്നെല്ലാം ഒഴിഞ്ഞു മാറിയ പിണറായി കൊവിഡ് വാര്‍ത്താസമ്മേളനത്തില്‍ ഇരുപത് മിനിറ്റോളം സമയം കണ്ടെത്തി അദ്ദേഹത്തെ വിമര്‍ശിക്കുകയായിരുന്നു. ബ്രണ്ണന്‍ കോളേജില്‍ വച്ച് പിണറായി വിജയനെ കണ്ടതും നേരിട്ടതും ഒരു വാരികയില്‍ നല്‍കിയ അഭിമുഖത്തില്‍ കെ സുധാകരന്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു പിണറായിയുടെ എഴുതി തയാറാക്കിയ തിരക്കഥ പുറത്തുവന്നത്.

നേരത്തെ തയാറാക്കിയ പ്രതികരണം നോക്കി വായിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. ചോദ്യം പാര്‍ട്ടി അനുഭാവികളായ മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് ചോദിപ്പിക്കുകയായിരുന്നു എന്ന വിമര്‍ശനം ഉയര്‍ന്നു. സുധാകരനെ താന്‍ പേടിപ്പിച്ചെന്നും അദ്ദേഹത്തിന്‍റെ വാദങ്ങള്‍ പൊങ്ങച്ചമാണെന്നും ചിലതു സ്വപ്നം ആണെന്നുമാണ് പിണറായി വിജയന്‍റെ മറുപടി.

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ ശ്രമിച്ചുവെന്ന ആരോപണവും പിണറായി ഉന്നയിച്ചിട്ടുണ്ട്. നിയമപരമായ നടപടി പേടിച്ച് മറ്റുള്ളവരുടെ പ്രസ്താവനയായാണ് കെ സുധാകരനെതിരെ പിണറായി വിജയന്‍റെ ആരോപണം. പിണറായിക്ക് ഇന്ന് മറുപടി നല്‍കുമെന്ന് കെ സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്. പ്രതികരണത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയമായി ഭയപ്പാട് ഉണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.