മുഖ്യമന്ത്രിക്കെതിരെ ജാതി പറഞ്ഞിട്ടില്ല ; തൊഴില്‍ പറഞ്ഞാല്‍ ആക്ഷേപമാകുമോ എന്ന് കെ.സുധാകരന്‍

 

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലനെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം.പിയുമായ കെ.സുധാകരന്‍. സ്വാതന്ത്ര്യ സമര സേനാനി ഗോപാലനെ അട്ടംപരതി ഗോപാലന്‍ എന്നു വിളിച്ചയാളാണ് പിണറായി. അദ്ദേഹം എപ്പോഴെങ്കിലും അത് തിരുത്തിയിട്ടുണ്ടോ. എന്തെങ്കിലും ബഹുമാനം പിണറായി വിജയന്‍ അര്‍ഹിക്കുന്നുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ താന്‍ ജാതി പറഞ്ഞിട്ടില്ല. തൊഴില്‍ പറഞ്ഞാല്‍ ആക്ഷേപിക്കലാകുമോ. അതില്‍ എന്താണ് അപമാനം. ഓരോ ആളുടെയും വളര്‍ന്ന സാഹചര്യങ്ങള്‍ അവരുടെ ദര്‍ശനങ്ങളെ സ്വാധീനിക്കും. അങ്ങനെ സ്വാധീനിക്കുകയാണ് വേണ്ടത്. തൊഴില്‍ അഭിമാനമാണ്. അധ്വാനത്തിന്റെ അഭിമാനത്തെ ആരും ചോദ്യംചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗൗരിയമ്മയെ ഇഎംഎസും കോണ്‍ഗ്രസ് നേതാവ് കുട്ടപ്പനെ നായനാരും ജാതിപറഞ്ഞ് അപമാനിച്ചിട്ടില്ലേ. ഷാനിമോളെയും ലതികാ സുഭാഷിനെയും രമ്യ ഹരിദാസിനെയും അപമാനിച്ചിട്ടില്ലേ. എന്‍കെ പ്രേമചന്ദ്രനെ അടക്കം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും നമ്മുടെ മുന്നിലില്ലേ. ബിഷപ്പിനെക്കുറിച്ച് പറഞ്ഞത് പിണറായി തിരുത്തിയോ.

രാഷ്ട്രീയത്തില്‍ മാത്രമാണ് പിണറായി എന്റെ എതിരാളി. രാഷ്ട്രീയത്തിലല്ലാതെ അദ്ദേഹത്തെ ശത്രുതാ മനോഭാവത്തില്‍ ഒരിക്കലും കണ്ടിട്ടില്ല. മുന്‍പ് പിണറായിയെക്കുറിച്ച് ആക്ഷേപങ്ങള്‍ വന്നപ്പോള്‍ തിരുത്തിയിട്ടുള്ള ആളാണ് താന്‍. പിണറായി അഴിമതിക്കാരന്‍ ആയപ്പോഴാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ താന്‍ പറഞ്ഞതിനെ വൈകിയാണെങ്കിലും പാര്‍ട്ടി അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment