സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ ഉള്‍പ്പെടെ മൂന്നുപേരെ കൂടി സസ്പെന്‍ഡ് ചെയ്തു

 

വയനാട്: സുഗന്ധഗിരി മരംമുറിക്കേസില്‍ ഡിഎഫ്ഒ ഷജ്ന കരീമിനെ സസ്പെന്‍ഡ് ചെയ്തു. ഡിഎഫ്ഒയ്ക്ക് പുറമെ റേഞ്ച് ഓഫീസര്‍ എം. സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയും വനംവകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതോടെ കേസില്‍ സസ്പെന്‍ഷനിലായ വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒമ്പതായി.

വകുപ്പുതല അന്വേഷണത്തില്‍ 18 ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവിധേയമായി വനംവകുപ്പ് നടപടി സ്വീകരിച്ചത്. മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. നീതുവിനെ ബുധനാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. അനധികൃത മരംമുറി യഥാസമയം കണ്ടെത്താത്തതും വളരെ വൈകി കേസുകൾ രജിസ്റ്റർ ചെയ്തതും ജാഗ്രതയോടെ കേസ് അന്വേഷിക്കാത്തതും 91 മരങ്ങൾ അനധികൃതമായി മുറിച്ചുകടത്താൻ ഇടയാക്കിയതായും ഇത് റെയ്ഞ്ചറുടെ ഭാഗത്തുനിന്നുള്ള ഗുരുതരവീഴ്ചയാണെന്നുമായിരുന്നു വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.

വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്‍റെ മറവിൽ 107 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. മണ്ണിട്ടു മൂടിയതും കത്തിച്ചതുമായ കൂടുതൽ മരക്കുറ്റികൾ ഓരോ ദിവസവും കണ്ടെത്തുകയായിരുന്നു. മുപ്പതോളം ജീവനക്കാർ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന പ്രദേശത്താണ് വനംകൊള്ള നടന്നത്.

Comments (0)
Add Comment