ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മോദി ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആരാണ് പെഗാസസിന് പിന്നിലെന്നും ഇതിനായി പണം മുടക്കിയതാരാണെന്നും വ്യക്തമാക്കേണ്ടതുണ്ട്. വിഷയത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ ഇക്കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അറിയാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് മോദി കത്തയക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഫോണുകൾ ചോർത്തിയ ഇസ്രയേൽ കമ്പനിയുമായി മോദി സർക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് പാർലമെന്‍റിൽ അമിത് ഷാ പ്രസ്താവന നടത്തിയാൽ നന്നായിരിക്കുമെന്ന് നേരത്തെ സ്വാമി പ്രതികരിച്ചിരുന്നു. അല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് വിവാദം പോലെ യാഥാർത്ഥ്യം പുറത്തുവന്നാല്‍ അതു ബിജെപിയെ വല്ലാതെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പെഗാസസ് വിവാദം ഗൂഢാലോചനയെന്ന അമിത് ഷായുടെ പ്രതികരണം സുബ്രഹ്മണ്യന്‍ സ്വാമി തള്ളി. എന്താണ് യാഥാർത്ഥ്യമെന്ന് ജനങ്ങളോട് വിശദീകരിക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ടെന്നും സ്വാമി ട്വീറ്റ് ചെയ്തു.
പ്രതിപക്ഷനേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചില കേന്ദ്രമന്ത്രിമാരുടെ പോലും ഫോണ്‍ ചോര്‍ത്തിയെന്ന വിവരം കഴിഞ്ഞ ഞായറാഴ്ചയാണ് പുറത്തു വന്നത്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വലിയ ഒരു വാര്‍ത്ത പുറത്തുവരാന്‍ പോകുന്നുവെന്ന് നേരത്തെ സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിരുന്നു. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഉള്‍പ്പെടെ 14 ലോകനേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഫ്രാന്‍സ് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.