മോദി ഭരണത്തില്‍ ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

Jaihind Webdesk
Monday, June 6, 2022

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാരിന്‍റെ എട്ടു വര്‍ഷത്തെ ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്നു. ചൈനയ്ക്കും, അമേരിക്കയ്ക്കും, റഷ്യക്കും മുന്നിൽ കീഴടങ്ങി. ഖത്തർ പോലുള്ള ചെറുരാജ്യത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. രാജ്യത്തിന്‍റെ വിദേശനയത്തിന്റെ പാപ്പരത്തമാണിതെന്നും സുബ്രഹ്മണ്യ സ്വാമി വിമർശിച്ചു.

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതില്‍ അറബ് രാജ്യങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന ബിജെപി നേതാക്കളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

‘മോദി സര്‍ക്കാരിന്‍റെ എട്ടുവര്‍ഷത്തെ ഭരണത്തില്‍ ഭാരത മാതാവിന് നാണക്കേട് കൊണ്ട് തല താഴ്‌ത്തേണ്ടി വന്നു. കാരണം ലഡാക്കില്‍ നമ്മള്‍ ചൈനക്കാരുടെ മുമ്പില്‍ ഇഴഞ്ഞു, റഷ്യക്കാരുടെ മുന്നില്‍ മുട്ടുകുത്തി, ക്വാഡ് ചര്‍ച്ചയില്‍ അമേരിക്കക്കാരുടെ മുന്നിലും പതുങ്ങി, കുഞ്ഞു രാജ്യമായ ഖത്തറിന് മുന്നില്‍ പോലും സാഷ്ടാംഗ പ്രണാമം നടത്തി. നമ്മുടെ വിദേശ നയത്തിന്‍റെ അധഃപതനമാണിതെല്ലാം’ – സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

ബിജെപി ദേശീയ വക്താവായിരുന്ന നൂപുർ ശർമയുടെ പ്രസ്താവനയാണ് വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചത്. പ്രവാചകനെതിരായ പരാമർശത്തില്‍ പ്രതിഷേധവുമായി കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഖത്തറിനും കുവൈത്തിനും ഇറാനും പുറമെ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. നേരത്തെ ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതികളെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രചാരണങ്ങളും നടക്കുന്നുണ്ട്. പ്രസ്താവന വിവാദമായതോടെ നൂപുർ ശർമയെയും മീഡിയാ വിഭാഗം മേധാവി നവീന്‍ ജിന്‍ഡലിനെയും ബിജെപി പുറത്താക്കിയിരുന്നു.