ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോവധം ആരോപിച്ച് ആൾക്കൂട്ടം കലാപമുണ്ടാക്കിയതും ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗിനെ കൊലപ്പെടുത്തിയതും ആസൂത്രിതമായിരുന്നെന്ന് സൂചന. പരിക്കേറ്റ സുബോധ് കുമാർ സിംഗിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അക്രമികൾ പിന്തുടർന്ന് വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവത്തിൽ ബുലന്ദ്ഷഹറിലെ ബജ്റംഗ് ദൾ കൺവീനർ യോഗേഷ് രാജ്, ചമൻ, ദേവേന്ദ്ര, ആഷിഷ് ചൗഹാൻ, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
പശുവിനെ കൊല്ലുന്നത് കണ്ടതായി പരാതി നൽകിയ ആളാണ് യോഗേഷ് രാജ്. ഇയാളാണ് സംഘർഷങ്ങളുടെ പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് മുസ്‌ളിം സമുദായക്കാർക്കെതിരെയും കേസെടുത്തു. കലാപത്തിൽ ആർ.എസ്.എസ്, ബജ്‌റംഗ്ദൾ ബന്ധമുള്ള കണ്ടാലറിയാവുന്ന 28 പേരുൾപ്പെടെ എഴുപത് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥയാണ്.
വർഗീയ സംഘർഷമുണ്ടാക്കാൻ കരുതിക്കൂട്ടി നടപ്പാക്കിയതാണ് അക്രമമെന്നാണ് പ്രാഥമിക വിവരം. അക്രമികളെ നിയന്ത്രിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ സുബോധ്കുമാറിന് കല്ലേറിൽ തലയ്ക്ക് പരിക്കേറ്റു. ഡ്രൈവർ ഇദ്ദേഹത്തെ ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പിന്തുടർന്നെത്തിയ അക്രമികൾ വളഞ്ഞ് വെടിവയ്ക്കുകയായിരുന്നു. ‘അവനെ വെടിവച്ച് കൊല്ലൂ’ എന്ന് അക്രമികൾ ആക്രോശിച്ചതായും താൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നും ഡ്രൈവർ പറഞ്ഞു.
https://youtu.be/nqo7xWbK3Bo
വെടിയേറ്റ് ജീപ്പിൽനിന്ന് പുറത്തേക്കു തൂങ്ങിക്കിടക്കുന്ന ഇൻസ്പെക്ടറുടെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇടത് പുരികത്തിനേറ്റ വെടിയുണ്ടയാണ് സുബോധ്കുമാറിന്‍റെ ജീവനെടുത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബുലന്ദ്ഷഹറിലെ മഹവ് ഗ്രാമത്തിലാണ് പശുവിന്‍റെ ജഡം കണ്ടതായി പറയപ്പെടുന്നത്. സിയാന പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുബോധ്കുമാർ സിംഗിന് പുറമേ പ്രദേശവാസിയായ സുമിത്ത് എന്ന യുവാവും കൊല്ലപ്പെട്ടു. പൊലീസിനെ കല്ലെറിഞ്ഞ ജനക്കൂട്ടം ഔട്ട്‌പോസ്റ്റ് ആക്രമിച്ച് പൊലീസ് വാഹനങ്ങളും രേഖകളും കത്തിച്ചു. കൂടാതെ നിരവധി കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും തീയിട്ടു.
https://youtu.be/2sQxQ6T1sVU