പ്രവാസികളെ വിമാനകമ്പനികൾ കൊള്ളയടിക്കുന്നു; ചൂഷണം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, May 28, 2019

പെരുന്നാൾ കാലത്ത് നാട്ടിലേക്ക് എത്തുന്ന പ്രവാസികളെ വിമാനകമ്പനികൾ കൊള്ളയടിക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്‌മിഷനായി  നിയമസഭയിൽ അവതരിപ്പിച്ചു. ടിക്കറ്റ് നിരക്കിൽ 80 % തുകയാണ് കമ്പനികൾ കൂട്ടിയിരിക്കുന്നത്. പെരുന്നാൾ കൂടാതെ ഇപ്പോൾ ഗൾഫ് നാടുകളിൽ സ്‌കൂൾ അവധിയും കൂടിയായതിനാൽ കേരളത്തിലേക്ക് വരാൻ കഴിയാതെ പ്രവാസികൾ നട്ടംതിരിയുകയാണ്. രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് നാട്ടിൽ എത്തണമെങ്കിൽ രണ്ട് ലക്ഷം രൂപ വരെ ചെലവഴിക്കേണ്ട അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ഈ നോമ്പ് കാലമാണ് ഏറ്റവും വലിയ അവസരം എന്ന് ലാക്കാക്കി കൊടിയ ചൂഷണമാണ് നടക്കുന്നത്.

എയർ ഇന്ത്യ മുതൽ എമിറേറ്റ്സ് വരെയുള്ള കമ്പനികൾ നടത്തുന്ന ഈ ആകാശക്കൊള്ള ഒരുമാസം കൂടി തുടരുമെന്നാണ് അറിയുന്നത്. കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി ബന്ധപ്പെട്ടു ടിക്കറ്റ് നിരക്ക് മിതമായ നിരക്കിലാക്കി പ്രവാസികൾക്ക് ആശ്വാസം നൽകണം. ഇതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം എന്നും നിയമസഭയിൽ ആവശ്യപ്പെട്ടു.