കെ.എസ്.യു പ്രവർത്തകർക്ക് ചികിത്സ നിഷേധിച്ച സംഭവം : നിയമസഭയിൽ രമേശ് ചെന്നിത്തലയുടെ സബ്മിഷൻ

Jaihind Webdesk
Thursday, July 4, 2019

RameshChennithala-sabha-inside

മെഡിക്കൽ കോളേജിൽ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകർക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷൻ. സംഭവത്തിൽ സർക്കാർ അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചികിത്സ നൽകാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകർക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച സംഭവം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷനിലൂടെ സഭയിൽ ഉന്നയിച്ചത്. ശത്രു സൈന്യത്തെ അക്രമിക്കും പോലെയാണ് കെ.എസ്.യു പ്രവർത്തകരെ പോലീസ് അക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെ.എസ്.യു പ്രവർത്തകരോട് പിരിഞ്ഞുപോകാൻ നിർദ്ദേശിച്ചിട്ടും പോകാത്ത സാഹചര്യമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നിർദ്ദേശപ്രകാരം നിയമപരമായ മുന്നറിയിപ്പ് നൽകിയിട്ടാണ് ജലപീരങ്കി പ്രയോഗിച്ചതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അതേ സമയം മർദനമേറ്റ് 7 മണിക്കൂർ നേരമാണ് വിദ്യാർത്ഥികൾ ചികിത്സ ലഭിക്കാതെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇരുന്നത്. ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ല.ഇത് സംബന്ധിച്ച് സർക്കാർ അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തുടർന്ന് ചികിത്സ നൽകാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.