തിരുവനന്തപുരം : വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എം.എല്‍.എ. സംസ്ഥാനത്തെ എംഎല്‍എമാര്‍ ആസ്തിവികസന ഫണ്ടില്‍ നിന്നും സര്‍ക്കാരിലേക്ക് തിരികെ നല്‍കിയ തുകയില്‍ ഒരു വിഹിതം ഇതിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
സംസ്ഥാനത്തെ 140 എം.എല്‍.എമാരും അവരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 4 കോടി രൂപ വീതം 560 കോടി രൂപ സര്‍ക്കാരിലേക്ക് തിരികെ നല്‍കിയിട്ടുണ്ട്. കൊവിഡ് കാലഘട്ടത്തില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് നിരവധി ഭൗതികസാഹചര്യങ്ങളുടെ കുറവ് വിദ്യാര്‍ത്ഥികളും അധ്യാപകരും നേരിടുന്നുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകള്‍, ടെലിവിഷന്‍, മറ്റു അനുബന്ധ ഘടകങ്ങള്‍ എന്നിവ വാങ്ങുന്നതിന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളുടെയും എണ്ണം വളരെ കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ഡാറ്റ സംവിധാനം കൃത്യമായി ലഭ്യമാകാത്തതും ഒരു പ്രശ്‌നമായി തുടരുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചു.
ഇതിന് പരിഹാരമെന്നോണം നിലവില്‍ സര്‍ക്കാരിന് ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ലഭ്യമായിട്ടുള്ള 560 കോടിയില്‍ നിന്നും ഒരു നിയമസഭാ മണ്ഡലത്തിന് 25 ലക്ഷം രൂപ എന്ന കണക്കില്‍, ആകെ 35 കോടി രൂപ അനുവദിക്കണം. ഈ ഫണ്ട് അതാത് മണ്ഡലങ്ങളിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും, ഹയര്‍സെക്കന്‍ററി വകുപ്പ് റീജിയണല്‍ ഡയറക്ടറുടെയും ശുപാര്‍ശയില്‍ ഭൗതിക സാഹചര്യം ഒരുക്കി ഓണ്‍ലൈന്‍ പഠന സംവിധാനം കാര്യക്ഷമാക്കുന്നതിന് മാത്രമായി വിനിയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.