കുസാറ്റില്‍ ഇന്നലെ ടെക് ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഗാനസന്ധ്യയ്ക്കിടെ തിരക്കില്‍പ്പെട്ട് മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹം പൊതുദര്‍ശനത്തിനെത്തിച്ചു. മരിച്ച നാല് പേരില്‍ ക്യാമ്പസിലെ വിദ്യാര്‍ഥികളായ മൂന്ന് പേരുടെ മൃതദേഹമാണ് കുസാറ്റില്‍ പൊതുദര്‍ശനത്തിനെത്തിച്ചത്. അതുല്‍ തമ്പി, ആന്‍ റിഫ്ത്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സഹപാഠികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി ക്യാമ്പസിലെത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സാറയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ചായിരിക്കും സംസ്‌കാരം. ആന്‍ റുഫ്തയുടെ സംസ്‌കാരം ചൊവ്വാഴ്ചയേ ഉണ്ടാകൂ എന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇറ്റലിയിലുള്ള അമ്മ തിരികെ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റും.അതുല്‍ തമ്പി രണ്ടാംവര്‍ഷ സിവില്‍ വിദ്യാര്‍ഥിയും എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ തമ്പിയുടെ മകനുമാണ്. രണ്ടാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിനിയും പറവൂര്‍ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോര്‍ജുകുട്ടിയുടെ മകളുമാണ് ആന്‍ റിഫ്ത്ത (20). കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളില്‍ തോമസ് സ്‌കറിയയുടെ മകള്‍ സാറ തോമസ് (19) രണ്ടാം വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ്. മരിച്ച നാലാമത്തെയാളായ ആല്‍ബിന്‍ ജോസഫ് പാലക്കാട് മുണ്ടൂര്‍ സ്വദേശിയാണ്.