എസ്.എഫ്.ഐയുടെ ഭീഷണിയില്‍ ആത്മഹത്യാശ്രമം; വിദ്യാര്‍ത്ഥിനിക്ക് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മാറാന്‍ അനുമതി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിക്ക് തുടര്‍പഠനത്തിന് കോളേജിലേക്ക് മാറാന്‍ അനുമതി. വര്‍ക്കല എസ്.എന്‍ കോളേജില്‍ പഠനം തുടരനാണ് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയത്. മുടങ്ങിയ പരീക്ഷയും പുതിയ കോളേജില്‍ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. കോളേജ് മാറ്റത്തിന് അനുമതി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനി കേരള സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.

പഠനം മുടക്കി സംഘടനാ പരിപാടികളിലും സമരങ്ങളിലും പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥിനിക്കുനേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നുവെന്നായിരുന്നു ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പ്. ആത്മഹത്യയുടെ ഉത്തരവാദികള്‍ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളും പ്രിന്‍സിപ്പലുമാണെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്റേണല്‍ പരീക്ഷയുടെ തലേ ദിവസം പോലും ജാഥയില്‍ പങ്കെടുക്കാന്‍ എസ്എഫ്ഐക്കാര്‍ നിര്‍ബന്ധിച്ചു, എതിര്‍പ്പ് അറിയിച്ചപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി, ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, അസഭ്യം പറഞ്ഞു, ശരീരത്തില്‍ പിടിക്കാനും ശ്രമിച്ചു തുടങ്ങിയ ഗുരുതര പരാതികളായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നത്.

എസ്എഫ്ഐയുടെ ഭീഷണിയെ കുറിച്ച് പരാതിപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ ഒരു നടപടിയും എടുത്തില്ലെന്നും കത്തില്‍ ആരോപണമുണ്ട്. ദുഷ്ടന്മാരെ എന്റെ ആത്മാവ് നിങ്ങളോട് പൊറുക്കില്ലെന്ന് പറഞ്ഞാണ് കുറിപ്പ് നിര്‍ത്തുന്നത്.

sfiuniversity college
Comments (0)
Add Comment