യൂണിവേഴ്സിറ്റി കോളേജില്‍ പഠനം തുടരാനാകാത്ത സാഹചര്യം; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി ടി.സി വാങ്ങി

Jaihind Webdesk
Tuesday, June 4, 2019

യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ടി.സി വാങ്ങി. താൻ പ്രതീക്ഷിച്ചപോലെ തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമല്ല കോളേജിലുള്ളതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു. ട്രാന്‍സ്ഫര്‍ വാങ്ങിയ വിദ്യാര്‍ത്ഥിനി ജൂണ്‍ ആറിന് എസ്‍.എന്‍ കോളേജില്‍ പ്രവേശനം നേടും.

ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിനി കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് പരാതി പിന്‍വലിക്കുന്നതെന്നും  വ്യക്തമാക്കി.  പഠിക്കാനാണ് ആഗ്രഹിക്കുന്നത്, എന്നാല്‍ തുടര്‍ന്ന് പഠിക്കാനാവുന്ന  സാഹചര്യമല്ല യൂണിവേഴ്സിറ്റി കോളേജില്‍ നിലനില്‍ക്കുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകർ സംഘടനാ പരിപാടികളില്‍ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതായും കടുത്ത മാനസികപീഡനം നേരിടുന്നതിനാല്‍ പഠിക്കാനാവുന്നില്ലെന്നും  വിദ്യാര്‍ത്ഥിനി പറഞ്ഞു. ആത്മഹത്യാ കുറിപ്പിലും വിദ്യാര്‍ത്ഥിനി ഇക്കാര്യം പറഞ്ഞിരുന്നു.

എസ്.എഫ്.ഐ യൂണിയനിലെ നിരവധി പേര്‍ പ്രശ്നക്കാരാണ്. നിര്‍ബന്ധിച്ച് ഒരാളെ സംഘടനാ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ്. ഇത് തന്‍റെ മാത്രം പ്രശ്നമല്ലെന്നും നിരവധി കുട്ടികളുടെ മാതാപിതാക്കള്‍ ഇതേ പരാതിയുമായി എത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. എന്തായാലും ഇവിടെ തുടര്‍ന്നുപഠിക്കാനാവാത്ത സാഹചര്യമാണുള്ളതെന്നും കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായിരുന്ന പെണ്‍കുട്ടി കോളേജിനുള്ളില്‍വെച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കോളേജിലെ എസ്.എഫ്.ഐ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും പ്രിന്‍സിപ്പലടക്കമുള്ള അധ്യാപകര്‍ക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി കുറിപ്പെഴുതിയതിന് ശേഷമായിരുന്നു ആത്മഹത്യാശ്രമം. കോളേജ് മാറാന്‍ നേരത്തെ യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പലിന് കുട്ടി അപേക്ഷ നല്‍കിയിരുന്നു. ടി.സി വാങ്ങിയ വിദ്യാര്‍ത്ഥിനി എസ്.എന്‍ കോളേജില്‍ പ്രവേശനം നേടും.