മൂലങ്കാവ് സ്കൂളില്‍ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

 

വയനാട്: മൂലങ്കാവ് സ്കൂളിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. പ്രധാന അധ്യാപികയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ് അറിയിച്ചു. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

ഇന്നലെ ഉച്ചയോടെയാണ് സുൽത്താൻ ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥന് ക്രൂര മർദ്ദനമേറ്റത്. കത്രിക കൊണ്ടുള്ള ആക്രമണത്തിൽ മുഖത്തും നെഞ്ചിലും തലയ്ക്കും പരുക്കേറ്റ വിദ്യാർത്ഥി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 9, 10 ക്ലാസുകളിലെ അഞ്ച് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഡിഡിഇ ശശീന്ദ്രവ്യാസ് പ്രധാനാധ്യാപികയോട് വിശദീകരണം തേടിയത്. ഇന്നു രാവിലെ സുൽത്താൻബത്തേരി പോലീസും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തന്നെ ആക്രമിച്ചവരെ കണ്ടാൽ തിരിച്ചറിയാന്‍ കഴിയുമെന്ന് വിദ്യാർത്ഥി പോലീസിനെ അറിയിച്ചിട്ടുണ്ട്.

Comments (0)
Add Comment