പത്തനംതിട്ട റിംഗ് റോഡിൽ വളർന്നു നിൽക്കുന്ന കാട് യാത്രക്കാർക്ക് ഭീഷണിയാകുന്നു. സൈന്‍ ബോര്‍ഡുകള്‍ പോലും കാണാനാകാത്ത വിധത്തിലാണ് റോഡിന്‍റെ ഇരുവശത്തും കാട് പടര്‍ന്ന്കയറിയിരിക്കുന്നത്. മാലിന്യങ്ങളും നിറഞ്ഞതോടെ തെരുവ് നായ ശല്യവും രൂക്ഷമായി.
വൈദ്യുത പോസ്റ്റുകളിലേക്കും കാട് കയറിയ നിലയിലാണ്. വർഷങ്ങൾക്ക് മുമ്പ് റോഡരുകിൽ നട്ടുപിടിപ്പിച്ച തണൽമരങ്ങൾ സംരക്ഷണം ഇല്ലാതെ നശിക്കുന്ന സ്ഥിതിയിലാണ്. തണൽമരങ്ങളുടെ ചുറ്റും സ്ഥാപിച്ച വേലികൾ ഇളകി കാടുകയറിക്കിടപ്പുണ്ട്. നഗരസൗന്ദര്യവൽക്കരണത്തിനായി റോഡരുകിൽ നട്ടുപിടിപ്പിച ചെടികളും നശിച്ചു.
റിംഗ് റോഡരികിലെ കാട്ടിലേക്കാണ് ഇപ്പോൾ ആളുകൾ മാലിന്യം വലിചെറിയുന്നത്. കാട് നിറയെ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവറുകൾ നിറഞ്ഞ് കിടക്കുന്നതിനാല്‍ ദുർഗന്ധം കാരണം ഇതിലെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. അബാൻ ജംഗ്ഷൻ മുതൽ സ്റ്റേഡിയം വരെയുള്ള ഭാഗത്ത് മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുകയാണ്. അറവുശാലയുടെ ഭാഗത്ത് കൂടി മൂക്കുപൊത്തിയാണ് ആളുകൾ കടന്നുപോകുന്നത്. ലോക്ക്ഡൗൺ ആയതോടെ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായും ഇവിടം മാറിക്കഴിഞ്ഞു.