സംസ്ഥാനത്തെ തെരുവ് നായ ശല്യം; ഉന്നതതല യോഗം വിളിച്ച് മന്ത്രി എം.ബി രാജേഷ്

 

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവ് നായ ശല്യം ചർച്ച ചെയ്യാൻ ഇന്ന് മൂന്നുമണിക്ക് ഉന്നതതല യോഗം ചേരും. മന്ത്രി എം.ബി രാജേഷ് വിളിച്ച യോഗത്തിൽ എബിസി പദ്ധതി വീണ്ടും തുടങ്ങുന്നത് ചർച്ചയാകും. തെരുവുനായ ശല്യം പരിഹരിക്കാൻ കർമ്മപദ്ധതി തയാറാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് തെരുവ് നായ ശല്യം ഏറ്റവും രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വിളിച്ച ഉന്നതതല യോഗം ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് ചേരുക. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെയും നഗരസഭാ കോർപ്പറേഷൻ എന്നിവയിലെയും പ്രതിനിധികൾ പങ്കെടുക്കും. രണ്ടുവർഷമായി നിലച്ചിരിക്കുന്ന എബിസി പ്രോഗ്രാം 152 ബ്ലോക്കുകളിലും നടപ്പാക്കുന്നത് ചർച്ച ചെയ്യും.

തെരുവുനായ ശല്യം അതീവ ഗൗരവമുള്ള വിഷയമാണെന്ന് എം.ബി രാജേഷ് നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ കർമ്മ പദ്ധതി തയാറാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രിയെ കണ്ടും ചർച്ച നടത്തും. അതിനിടെ തെരുവുനായ ശല്യം കുറയ്ക്കാൻ നായകളെ വന്ധ്യംകരിക്കുന്നതിന് സംസ്ഥാനം തയാറാക്കിയ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. ഒന്നര മുതൽ മൂന്നുമാസം വരെ പ്രായമുള്ള തെരുവ് നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നതാണ് പദ്ധതി. അഞ്ചുവർഷംകൊണ്ട് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാമെന്നായിരുന്നു വിലയിരുത്തൽ. സംസ്ഥാനത്ത് 10 ജില്ലകളിലാണ് ഇന്നലെ മാത്രം തെരുവുനായ ആക്രമണം നടന്നത്.

Comments (0)
Add Comment