തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർ കഴുത്തു ഞെരിച്ചുകൊല്ലുന്നു; അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു, സഭവിട്ടിറങ്ങി പ്രതിപക്ഷം

 

തിരുവനന്തപുരം: ഇടതു സർക്കാർ ത്രിതല പ്രാദേശിക ഭരണസംവിധാനങ്ങളെ അസ്ഥിരപ്പെടുത്തി കഴുത്തു ഞെരിച്ചും മുക്കിയും കൊലപ്പെടുത്തുന്നതായി പ്രതിപക്ഷം. തനത് ഫണ്ട് വെട്ടിക്കുറച്ചും സമയബന്ധിതമായി പദ്ധതി വിഹിതം അനുവദിക്കാതെയും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാരിന്‍റെ തെറ്റായ സമീപനം അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ ചോദ്യം ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ട് വെട്ടി കുറക്കുന്നതും സമയബന്ധിതമായി പദ്ധതി വിഹിതം അനുവദിക്കുന്നതിലെ അപാകതകളും തുറന്നുകാട്ടിയാണ് ടി. സിദ്ദിഖ് വിഷയം സഭയിൽ അവതരിപ്പിച്ചത്. അടിയന്തര പ്രാധാന്യമുള്ള പദ്ധതികൾ പോലും നടപ്പിലാക്കാൻ കഴിയാതെ പഞ്ചായത്തുകളുടെ നിലനിൽപ്പ് തന്നെ സർക്കാർ അപകടകരമായ അവസ്ഥയിലാക്കിയെന്ന് ടി. സിദ്ദിഖ് ചൂണ്ടിക്കാട്ടി. സർക്കാർ പരിപാടികൾക്കായി തദ്ദേശ സ്ഥാപനങ്ങളെ കറവ പശുവിനെ പോലെ സർക്കാർ കറക്കുകയാണെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

കണക്കുവെച്ചുള്ള കള്ളത്തരമാണ് സർക്കാർ കാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കഴിഞ്ഞ ആറാം തീയതിയിലെ വികേന്ദ്രീകൃതാസൂത്രണ കോഓർഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിന്‍റെ മിനട്ട്സ് പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവ് സർക്കാരിനെ നേരിട്ടത്. സർക്കാർ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ മുക്കിക്കൊല്ലുന്നതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്‍റെ കേരളത്തോടുള്ള സമീപനമാണെന്ന സ്ഥിരം പല്ലവി ഉയർത്തിയാണ് സർക്കാർ പ്രതിപക്ഷ വിമർശനങ്ങളെ നേരിട്ടത്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Comments (0)
Add Comment