നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

Jaihind News Bureau
Saturday, September 5, 2020

ലോകം കൊവിഡ് വാക്‌സിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. നിലവില്‍ പരീക്ഷണത്തിലുള്ള ഒരു വാക്സിനും കൊവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമല്ലെന്നും  ഇനിയും ദീർഘനാൾ കാത്തിരിപ്പ് തുടരേണ്ടിവരുമെന്നും സംഘടനാ വക്താവ് സൂചന നല്‍കി.

നിലവിൽ ലോകരാജ്യങ്ങളിൽ പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങളിൽ 50 ശതമാനം പോലും ഉറപ്പ് വരുത്താൻ ഇവയ്ക്കായിട്ടില്ലെന്നും
ഡബ്ല്യു.എച്ച്.ഒ വക്താവ് മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി.

‘2021 പകുതി വരെ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്സിനായി കാത്തിരിക്കേണ്ടതുണ്ട്. മൂന്നാംഘട്ട പരീക്ഷണത്തിന് കൂടുതൽ സമയമെടുക്കും, കാരണം വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്ന് നാം കാണേണ്ടതുണ്ട്’- മാർഗരറ്റ് ഹാരിസ് പറഞ്ഞു.

വിവിധ രാജ്യങ്ങൾ വാക്സിൻ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഒരു രാജ്യത്തെയും എടുത്തുപറയാതെയായിരുന്നു ഡബ്ല്യു.എച്ച്.ഒ വക്താവിന്‍റെ പ്രതികരണം. വാക്‌സിനുകളുടെ ഗുണമേന്മ പരിശോധിക്കാനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഒരു റിവ്യൂ കമ്മിറ്റി രൂപീകരിക്കുമെന്ന് സംഘടനാ മേധാവി ടെഡ്രോസ് അഥാനോം നേരത്തെ പറഞ്ഞിരുന്നു.