മോദി മന്ത്രിസഭയിലെ മൂന്നാമൻ പക്ഷേ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, അനധികൃതമായ സ്വത്ത് സമ്പാദനം… ആരോപണങ്ങളുടെ നീണ്ട നിര

Jaihind Webdesk
Thursday, May 30, 2019

നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയിൽ മൂന്നാമനായി അമിത് ഷാ എത്തുമ്പോൾ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായ നിരീക്ഷണം, അനധികൃതമായ സ്വത്ത് സമ്പാദനം തുടങ്ങി നിരവധി ആരോപണങ്ങളാണ് അമിത് ഷായ്ക്ക് നേരെ നിലനിൽക്കുന്നത്.

ഏറ്റവും ശക്തനായ ബിജെപി അധ്യക്ഷൻ… നരേന്ദ്ര മോദി മന്ത്രിസഭയിലെ മൂന്നാമൻ… ഇങ്ങനെ ഭൂഷണങ്ങൾ ഒരുപാട് നീളുമ്പോഴും കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായ നിരീക്ഷണം, അനധികൃതമായി സ്വത്ത് സമ്പാദനം തുടങ്ങി വലിയ നിര ആരോപണങ്ങൾ കൂടിയുണ്ട് അമിത് ഷായുടെ പേരിൽ. 2010 ൽ സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർ ബെയ്, അയാളുടെ ബന്ധു തുൾസിറാം പ്രജാപതി എന്നിവരുടെ കൊലപാതകത്തിൽ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് ആരോപണമുയരുകയും അമിത് ഷാ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ആ കേസിൽ പിന്നീട് മാസങ്ങൾക്കുശേഷം അമിത് ഷായ്ക്ക് ജാമ്യം ലഭിച്ചു. അമിത് ഷായുടെ കേസ് വാദം കേൾക്കാൻ നിയുക്തനായ ജസ്റ്റിസ് ലോയയുടെ ദുരൂഹത നിറഞ്ഞ മരണത്തിലും അമിത് ഷാആരോപണ വിധേയനായിരുന്നു. ജസ്റ്റിസ് ലോയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞു ലോയയുടെ കുടുംബം പലതവണ രംഗത്തു വന്നതും നമ്മൾ കണ്ടതാണ്. ഇതു കൂടാതെ ഒരു സ്ത്രീയെ നിയമ വിരുദ്ധമായി നിരീക്ഷിക്കാൻ ഉത്തരവിട്ട കേസിലും അമിത് ഷാ ആരോപണ വിധേയനായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നരേന്ദ്ര മോദിക്കടക്കം ഉണ്ടെന്ന് പറയപ്പെടുന്ന ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിലും അമിത്ഷായുടെ കറുത്ത കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി അമിത് ഷായുടെ മകൻ ജയ് ഷായുടെ ആസ്തി അമ്പതിനായിരത്തിൽ നിന്നും 80 കോടിയിലേക്ക് ഉയർന്നതും നമ്മൾ കണ്ടതാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനു ശേഷമാണ് ഈ അനധികൃത സ്വത്ത് വളർച്ച എന്നതാണ് ശ്രദ്ധേയം.