രാജ്യത്ത് ‘പൊളിക്കല്‍’ നയം പ്രഖ്യാപിച്ചു ; കാര്യക്ഷമതയില്ലാത്ത വാഹനങ്ങള്‍ പൊളിച്ചുനീക്കും

Jaihind Webdesk
Friday, August 13, 2021

 

ന്യൂഡല്‍ഹി : മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം ( സ്ക്രാപ്പേജ് പോളിസി) രൂപീകരിച്ചു. കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായി വാഹനങ്ങള്‍ പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. പൊളിക്കല്‍ നയം പൊതുജനങ്ങള്‍ക്ക് ഗുണപ്രദമാണ്.

പ്രധാനമായും പഴയ വാഹനം പൊളിച്ച് പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ സൗജന്യമായിരിക്കും. ഇതിനൊപ്പം റോഡ് നികുതിയും ഇളവ് നല്‍കുന്നുണ്ട്. പരിപാലന ചെലവ്, റിപ്പയറിനും മറ്റുമുള്ള തുക, ഉയര്‍ന്ന ഇന്ധനക്ഷമത തുടങ്ങിയ നേട്ടങ്ങളുണ്ടാകുമെന്ന് നയം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഫിറ്റല്ലാത്ത ഒരു കോടിയോളം വാഹനങ്ങള്‍ ഇന്ത്യയില്‍ ഓടുന്നുണ്ടെന്ന്‌ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ പൊളിക്കുന്നത് കാലപ്പഴക്കം പരിഗണിച്ച് ആയിരിക്കില്ല. മറിച്ച് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിച്ച് അതില്‍ പരാജയപ്പെടുന്ന വാഹനങ്ങളായിരുക്കും.

വാഹനം പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം ഫിറ്റ്‌നസ് പരിശോധിക്കുന്നതിനുള്ള ടെസ്റ്റിങ്ങ് സ്‌റ്റേഷനുകളും രജിസ്‌റ്റേർഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് കേന്ദ്രങ്ങളും തുറക്കും. ആദ്യഘട്ടത്തില്‍ 70 വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കും.  മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള സാധ്യതകളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന്  മോദി പറഞ്ഞു.

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കി, പുതിയ വാഹനം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. വാഹനങ്ങളുടെ സ്‌ക്രാപ്പ് മൂല്യം ഷോറൂം വിലയുടെ ആറ് ശതമാനം വരെയായിരിക്കുമെന്നാണ് വിവരം. ഇതിനൊപ്പം വാണിജ്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 15 ശതമാനവും റോഡ് നികുതി ഇളവും ഒരുക്കിയേക്കും.