ഉന്നാവ് പീഡനക്കേസിന്റെ വിചാരണ ദില്ലി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താത്കാലിക കോടതിയിൽ ഇന്നാരംഭിക്കും. പ്രത്യേക ജഡ്ജി ധർമേശ് ശർമ്മയാണ് കേസ് പരിഗണിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുക. പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസിൽ താത്കാലിക വിചാരണ കോടതിക്ക് സുപ്രീംകോടതി അനുമതി നൽകിയത്. മൊഴി രേഖപ്പെടുത്താൻ ദില്ലി ഹൈക്കോടതിയും അനുമതി നൽകി. മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടർമാർ പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം. സിബിഐയുടെയും പ്രതി കുൽദീപ് സിങ് സെൻഗറിൻറെയും അഭിഭാഷകർ താത്കാലിക കോടതിയിൽ ഹാജരാകും. രഹസ്യവിചാരണയായതിനാൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടാകില്ല.