ഉന്നാവ് പെൺകുട്ടിയുടെ മൊഴി പുറത്ത്; കാറപകടത്തിന് പിന്നിൽ ബി.ജെ.പി എം.എല്‍.എ കുൽദീപ് സെൻഗാർ; തന്നെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും പെൺകുട്ടി

Jaihind News Bureau
Friday, September 6, 2019

Unnao-Rape-Case-SC

ഉന്നാവ് പെൺകുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിൽ പെടുത്തിയത് ബി.ജെ.പി എം.എല്‍.എ കുൽദീപ് സെൻഗാറെന്ന് പെൺകുട്ടിയുടെ മൊഴി. സിബിഐയുടെ മൊഴിയെടുപ്പിലാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തന്നെ ഇല്ലാതാക്കുകയായിരുന്നു സെൻഗാറിന്റെ ലക്ഷ്യമെന്ന് പെൺകുട്ടി. കൊലപ്പെടുത്തുമെന്ന് അപകടത്തിന് മുൻപ് സെൻഗാറും കൂട്ടരും ഭീഷണിപ്പെടുത്തിയതായും മൊഴി.

തന്നെ ഇല്ലാതാകുയായിരുന്നു ലക്ഷ്യമെന്നും പീഡനക്കേസ് പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് പലത്തവണ ഭീഷണി പെടുത്തിയതായും പെൺക്കുട്ടി സിബിഐയ്ക്ക് മൊഴി നൽകി. വാഹനാപകടക്കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ സി.ബി.ഐയ്ക്ക് കഴിഞ്ഞ തവണ ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിലെ വിചാരണയുടെ പുരോഗതിയും എന്ന് വിചാരണ പൂർത്തിയാക്കാൻ കഴിയുമെന്ന കാര്യവും അറിയിക്കാൻ ഡൽഹി പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമയ്ക്കും നിർദേശമുണ്ട്. എയിംസ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അഭിഭാഷകന്റെ ആരോഗ്യനിലയിൽ പുരോഗതി ഇല്ലാത്തതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

ജൂലൈ 28-നാണ് റായ്ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അമിതവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സുപ്രീം കോടതി ഇടപെട്ടാണ് ലഖ്നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ നിന്ന് പെൺകുട്ടിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവൊയിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി പതിനാറാം ദിവസമാണ് അവരുടെ കാറിൽ ട്രക്കിടിക്കുന്നത്. കാറിൽ പെൺകുട്ടിയോടൊപ്പം ഉണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.