പ്രതിഷേധച്ചൂടറിഞ്ഞ് മന്ത്രി കെ.ടി ജലീല്‍ ; രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം ; കരിങ്കൊടി, ചീമുട്ടയേറ് | Video

Jaihind News Bureau
Sunday, September 13, 2020

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നു. വളാഞ്ചേരിയിലുള്ള വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ട മന്ത്രി കെ.ടി ജലീൽവഴിയിലുടനീളം പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞു. മന്ത്രിക്കെതിരെ വഴി നീളെ  കരിങ്കൊടി പ്രതിഷേധവും ചീമുട്ടയേറും അരങ്ങേറി.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു മന്ത്രിയുടെ യാത്ര. മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് യാത്ര ആരംഭിച്ച മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. യാത്രയ്ക്കിടെ തവനൂരിലെ കൃഷിയിടം സന്ദർശിച്ച മന്ത്രി തനിക്ക് പറയാനുള്ളതെല്ലാം ഫെയ്‌സ്ബുക്കിൽ പറയുമെന്ന് പ്രതികരിച്ചു.

തൃശൂർ കിഴക്കേ കോട്ടയിലും മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉയർന്നു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പാലിയേക്കര ടോൾ പ്ലാസയിലും മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്‍റെ കൈക്ക് പരിക്കേറ്റു.

ചങ്ങരംകുളത്തും കാവുംപുറത്തും മന്ത്രിയെ കരിങ്കൊടി കാട്ടി. അങ്കമാലിയിലും പ്രതിഷേധമുണ്ടായി. ആലുവയിൽ മന്ത്രി ജലീലിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നു. ആലപ്പുഴയിലും മന്ത്രി കെ.ടി ജലീലിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടികാട്ടി പ്രതിഷേധിച്ചു .

കൊല്ലം ചവറയിൽ കെ.എസ്.യു പ്രവർത്തകർ മന്ത്രി കെ.ടി ജലീലിന് നേരേ കരിങ്കൊടി പ്രതിഷേധമുയർത്തി. പന്മന ക്ഷേത്രത്തിന് മുന്നിലാണ് കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് വിഷ്ണു വിജയൻ , സെക്രട്ടറി അതുൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധമുയർത്തിയത്. കരുനാഗപ്പള്ളിയിൽ യുവമോർച്ച പ്രവർത്തകർ കെ.ടി ജലീലിന്‍റെ വാഹനത്തിന് നേരേ ചീമുട്ടയെറിഞ്ഞു.

രാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ചേർന്ന മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളു യുവജനസംഘടനകള്‍ പ്രതിഷേധമുയർത്തി. രാത്രി വൈകിയും മന്ത്രിയുടെ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധമുയർത്തി. കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകർ കെ.ടി ജലീലിന്‍റെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.