സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുളത്തിന് പതിമൂന്നാം കിരീടം. 253 പോയിന്റുമായാണ് എറണാകുളം കിരീടം നിലനിർത്തിയത്. 196 പോയിന്റുമായി പാലക്കാട് രണ്ടും 101 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തു
മെത്തി. കോതമംഗലം സെന്റ് ജോർജ് എച്ച്.എസ്.എസ് സ്കൂള്‍ വിഭാഗത്തില്‍ ചാമ്പ്യന്മായി.
253 പോയിന്റോടെയാണ് എറണാകുളം വീണ്ടും കിരീടത്തിൽ മുത്തമിടുന്നത്.
ഇത് പതിമൂന്നാം വട്ടമാണ് എറണാകുളം കിരീടം ചൂടുന്നത്. 2016ൽ എറണാകുളത്തിന്റെ പക്കൽ നിന്നും പാലക്കാട് കിരീടം തട്ടിയെടുത്തുവെങ്കിലും തൊട്ടടുത്ത വർഷം എറണാകുളം കിരീടം തിരികെ പിടിച്ചിരുന്നു. പതിവുപോലെ കോതമംഗലം സെന്റ് ജോർജിന്റെയും, മാർ ബേസിലിന്റെയും തോളിലേറിയാണ് എറണാകുളം കിരീടം നിലനിർത്തിയത്. 196 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. മാർ ബേസിലിനെ പിന്നിലാക്കി സെന്റ് ജോർജ് കോതമംഗലം കിരീടം തിരിച്ചുപിടിച്ചതും ഈ വർഷത്തെ പ്രത്യേകതയാണ്. 2014ലിന് ശേഷം ഇത് പത്താം വട്ടമാണ് സെന്റ് ജോർജ് കിരീടം ഉയർത്തുന്നത്
നൂറ് മീറ്ററിൽ വേഗമേറിയ താരങ്ങളായതിന് പിന്നാലെ സീനിയർ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും 200 മീറ്ററിലും അഭിനവ് സിയും ആൻസി സോജനും സ്വർണം നേടി.
ഇവർ സ്പ്രിന്റിൽ ഡബിൾ നേടിയതിന് പുറമെ, സബ് ജൂനിയർ വിഭാഗത്തിൽ എറണാകുളത്തിന്റെ സാന്ദ്ര എ.എസും, ചെങ്കിസ് ഖാനും ട്രിപ്പിൾ സ്വർണം നേടി. പാലക്കാടിന്റെ ആദർശ് ഗോപിയും ട്രിപ്പിൾ സ്വർണം നേടി മേളയുടെ താരങ്ങളായി.
ചെങ്കിസ് ഖാൻ സെന്റ് ജോർജ് കോതമംഗലത്തിന്റെ താരമാണ്. മീറ്റ് റെക്കോർഡോടെയായിരുന്നു 600 മീറ്ററിൽ ചെങ്കിസ് ഖാൻ ട്രിപ്പിൾ സ്വർണം എന്ന നേട്ടത്തിലേക്ക് എത്തിയത്. ചെങ്കിസ് ഖാന് പിന്നാലെ 600 മീറ്ററിൽ അലീന മരിയം ജോണും സ്വർണത്തിലേക്കെത്തിയതോടെ ഈ ഇനത്തിൽ എറണാകുളം ആധിപത്യം പുലർത്തി.
സീനിയർ വിഭാഗം പെൺകുട്ടികളുടെ 4 ഗുണം 400 മീറ്റർ റിലേയോട് കൂടിയാണ് ഇത്തവണത്തെ കായികമേളയ്ക്ക് സമാപനമായത്.