സംസ്ഥാന സ്കൂള്‍ കായികമേളക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ മേളയ്ക്കായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.
സംസ്ഥാനം പ്രളയദുരിതം നേരിടുന്നതിന്‍റെ പശ്ചാത്തലത്തിൽ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ കായിക മേളയ്ക്ക് കൊടിയേറുന്നത്. കഴിഞ്ഞവര്‍ഷം 67 ലക്ഷം രൂപ ചെലവില്‍ നടത്തിയ കായികമേള 27 ലക്ഷം രൂപയ്ക്കാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. 4 ദിവസങ്ങളിലായി നടത്തിയിരുന്ന കായികോത്സവം 3 ദിവസമായി ചുരുക്കിയിട്ടുമുണ്ട്.
1,200 ഓളം കുട്ടികള്‍ വിവിധ ഇനങ്ങളിലായി പങ്കെടുക്കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയവര്‍ക്ക് മാത്രമേ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാനാകൂ. അതേ സമയം കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുന്നതിനാല്‍ മേളയുടെ ദിവസം കുറച്ചത് മത്സരാര്‍ഥികളെ ബാധിക്കില്ലെന്നാണ് കണക്കുകൂട്ടുന്നത്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഉദ്ഘാടന സമാപന സമ്മേളനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
മത്സരയിനങ്ങള്‍ക്കായി ട്രാക്കും ഫീല്‍ഡുമെല്ലാം ഒരുങ്ങിക്കഴിഞ്ഞതോടെ വിവിധ സ്കൂളുകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ തലസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ സ്റ്റേഡിയത്തിന്‍റെ അവസാനവട്ട മിനുക്കുപണികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. ഇനിയുള്ള 3 ദിവസം മേള നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരിക്കും
കായികേരളത്തിന്‍റെ കണ്ണുകള്‍.