എൻഡോസൾഫാൻ ഇരകൾക്ക് സംസ്ഥാന സർക്കാർ പൂർണ്ണമായ നീതി ഉറപ്പാക്കണം: രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

Jaihind Webdesk
Monday, May 30, 2022

കാസർഗോഡ് 28 വയസായ ഒരു മകളെ കൊല ചെയ്തിട്ട് അമ്മ തൂങ്ങി മരിച്ച സംഭവം അത്യന്തം ദാരുണവും ഞെട്ടിക്കുന്നതുമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താന്‍ എംപി. എൻഡോസൾഫാൻ ഇരയായിരുന്ന മകളെ സംരക്ഷിക്കാൻ കഴിയാതെ വന്നപ്പോഴാണ്  മകളെയും കൊന്നു അമ്മയും സ്വയം ജീവനൊടുക്കിയത് .ഇത് പോലുള്ള സംഭവ വികാസങ്ങൾ കാസർഗോഡ് ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കാൻ പോകുകയാണ് എന്ന് എംപി പറഞ്ഞു . ജില്ലയിലെ 6287 എൻഡോസൾഫാൻ ഇരകൾക്കു 5 ലക്ഷം രൂപ വെച്ച് നൽകാൻ  സുപ്രീം കോടതി രണ്ടു പ്രാവശ്യം നിർദേശം നൽകിയിട്ടും സംസഥാന സർക്കാർ ഇതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത് എന്നും എംപി പറഞ്ഞു .

സുപ്രീം കോടതിയെക്കൂടാതെ ദേശീയ മനുഷ്യാവകാശ കമ്മീഷനും കോടതി വിധി മാനിച്ചുകൊണ്ട്ഈ ഇരകൾക്ക് എല്ലാം തന്നെ പ്രസ്തുത നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞിരുന്നു. എന്നാൽ വിധി നടപ്പിലാക്കാതെ വന്നപ്പോഴാണ് മനുഷ്യവകാശ കമ്മീഷനും സുപ്രീം കോടതിയും വീണ്ടും സംസ്ഥാന സർക്കാരിന്അന്ത്യ ശാസനം നൽകിയത്. തുടർന്നാണ് ഈ അടുത്തായി കേരള സർക്കാർ 200 കോടി രൂപ അനുവദിച്ചത്. ആ പണം കാസർഗോഡ് കളക്ടറേറ്റിൽ എത്തിയെങ്കിലും ഇപ്പഴും പല വിധ വെരിഫിക്കേഷനും ആവശ്യമാണെന്ന് പറഞ്ഞ് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന പ്രക്രിയ ഒച്ചിഴയുന്ന വിഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നത് എന്നത് ദൗർഭാഗ്യകരമാണ. 2 ആണ്മക്കളും 1 മകളും ഉള്ള കുടുംബത്തിന്‍റെ കാര്യം എടുത്തു പരിശോധിച്ചാൽ അറിയാം 2 ആൺമക്കൾ വിവാഹം കഴിച്ചു പോയി. പിന്നീട് രോഗബാധിതയായ ഈ മകളെ സംരക്ഷിക്കാൻ പാട് പെടുകയായിരുന്ന ഈ അമ്മയ്ക്ക് ആത്മഹത്യ അല്ലാതെ മറ്റു മാർഗമില്ലാതെ വരികയായിരുന്നു ആയതിനാൽ ഈ സംഭവത്തിനും സംസ്ഥാന സർക്കാർ പൂർണ്ണ ഉത്തരവാദിയാണെന്നും എംപി കുറ്റപ്പെടുത്തി .

പാർലമെന്‍റ് അംഗമായ ശേഷം ആദ്യമായി സഭയിൽ പ്രസംഗിച്ചത് തന്നെ എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടിയായിരുന്നു. തുടർന്ന് എംപി എന്ന നിലയ്ക്ക് പ്രധാന മന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും കൃഷി മന്ത്രിക്കും മറ്റും നിരവധി നിവേദനങ്ങളാണ് എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസത്തിനും പ്രത്യേക പാക്കേജ് കൊണ്ട് വരുന്നതിനും മറ്റെല്ലാ പ്രശന പരിഹാരങ്ങൾക്കുമായി നാളിതുവരെയായി നൽകിയിരുന്നത്. മാത്രമല്ല കൊറോണ ഭീതി മാറിവരുന്ന ഈ അവസരത്തിൽ കൊവിഡ് മഹാമാരിയുടെ ഭാഗമായി ടാറ്റാ കമ്പനി സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ചട്ടഞ്ചാലിൽ നിർമിച്ച കണ്ടെയ്നർ ആശുപത്രി എൻഡോസൾഫാൻ ഇരകളുടെ ചികിത്സയ്ക്ക് വേണ്ടി മാത്രമായി മാറ്റിക്കൊണ്ട് ന്യൂറോളജിസ്റ്റ് അടക്കമുള്ളവര്‍ നിയമിക്കണമെന്നത് ഈയടുത്തകാലത്തായി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇപ്പോഴുണ്ടായ ഈ ദൌര്‍‍ഭാഗ്യകരമായ മരണത്തോട് കൂടി കാസർഗോഡ് ജില്ലയിൽ ആരോഗ്യ രംഗത്ത് വളരെ മോശമായ സ്ഥിതിവിശേഷമാണ് രൂപപ്പെട്ടിട്ടുള്ളത് എന്ന മറ്റൊരു കാര്യം കൂടി വെളിപ്പെട്ടിരിക്കയാണ് എന്ന് എംപി പറഞ്ഞു

ആരോഗ്യരംഗത്ത് അന്താരാഷ്ട്ര നിലവാരതിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടക്കുമ്പോൾ തന്നെ സാധാരണക്കാർക്ക് കൂടി മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുന്ന ഒരു ആശുപത്രി കാസർഗോഡ് വന്നേ മതിയാകൂ എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ട് തന്നെയാണ് എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായതും അത്യവശ്യമായതുമായ പ്രദേശം കാസർഗോഡ് ജില്ലയാണ് എന്ന് പറയുന്നത്. ഇനിയെങ്കിലും മുഖ്യമന്ത്രിയുടെ കണ്ണ് തുറക്കണം. കാസര്‍ഗോഡ് എയിംസ് കൊണ്ടുവരുന്നതിന് വേണ്ടി അദ്ദേഹം ശുപാർശ ചെയ്യണം. മാത്രമല്ല ലിസ്റ്റിലുള്ള 6200 ലധികം വരുന്ന മുഴുവൻ പേർക്കും യാതൊരു വിധ വെരിഫിക്കേഷനും കൂടാതെ തന്നെ ഉടനടി സഹായധനം വിതരണം ചെയ്യാൻ ജില്ലാ കളക്ടർക്കും എൻഡോസൾഫാൻ സെല്ലിനും അടിയന്തര നിർദേശം നൽകണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ശക്തമായി ആവശ്യപ്പെട്ടു.

ലിസ്റ്റിലുള്ള മുഴുവൻ പേർക്കും അർഹതപ്പെട്ട സഹായം അടിയന്തരമായി നൽകാത്ത പക്ഷം ഇനിയും പലരും ആത്മഹത്യയിലേക്കും മറ്റും അഭയം പ്രാപിച്ചേക്കാം.  പാവങ്ങളായ എൻഡോസൾഫാൻ ഇരകളെ മരണത്തിലേക്ക് തള്ളി വിടാതിരിക്കാൻ സുപ്രീം കോടതി നിർദേശിച്ച പ്രകാരം മുഴുവൻ പേർക്കും സഹായം നൽകാൻ സംസ്ഥാന സർക്കാർ തയാറാകണം. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് സംസ്ഥാന സർക്കാരിനെതിരെ കേസ് എടുക്കേണ്ടുന്ന അവസ്ഥയാണ് ഉള്ളതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി കൂട്ടിച്ചേർത്തു.